ഇംഗ്ലണ്ടിന്റെ പതനം ദയനീയം; ആഷസ് കിരീടം ഓസീസ് നിലനിര്‍ത്തി

ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇംഗ്ലണ്ടിനെ നിലംപരിശാക്കിയ ഓസ്‌ട്രേലിയ കിരീടം നിലനിര്‍ത്തി (3-0). മെല്‍ബണിലെ മൂന്നാം അങ്കത്തില്‍ ഇന്നിംഗ്‌സിനും 14 റണ്‍സിനുമായിരുന്നു ഓസീസിന്റെ ജയം. രണ്ടാം ഇന്നിംഗ്‌സില്‍ വെറും 68 റണ്‍സിന് ഓള്‍ ഔട്ടായ ഇംഗ്ലണ്ട് അക്ഷരാര്‍ത്ഥത്തില്‍ നാണംകെട്ടു. സ്‌കോര്‍: ഇംഗ്ലണ്ട്- 185, 68. ഓസ്‌ട്രേലിയ- 267.

ഒന്നാം ഇന്നിംഗ്‌സിലേതിനെക്കാള്‍ തരംതാണ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ തലകുനിച്ചപ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് വിചാരിച്ചതിലും കാര്യങ്ങള്‍ എളുപ്പമായി. വെറും നാല് ഓവറില്‍ ആറ് വിക്കറ്റ് പിഴുത അരങ്ങേറ്റക്കാരന്‍ പേസര്‍ സ്‌കോട്ട് ബോലാന്‍ഡാണ് ഇംഗ്ലണ്ടിനെ നിലംപരിശാക്കിയത്. മൂന്നു വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്കും മിന്നി.

ഇംഗ്ലണ്ട് ബാറ്റര്‍മാരില്‍ നായകന്‍ ജോ റൂട്ടും (28) ബെന്‍ സ്‌റ്റോക്‌സും (11) മാത്രമേ രണ്ടക്കം തികച്ചുള്ളൂ. മൂന്നാം ദിനം റൂട്ടിന്റെ പതനത്തോടെ അവശേഷിച്ച ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ നിരനിരയായി പവലിയനിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ബോലാന്‍ഡ് പ്ലേയര്‍ ഓഫ് ദ മാച്ച്.