നിരന്തരം പരാജയപ്പെടുന്ന ഇവര്‍ പുറത്തേക്ക് ; പരിഹാസമായി ആരാധകരുടെ തമാശ കലര്‍ന്ന ഹാഷ്ടാഗും

തുടര്‍ച്ചയായി വന്‍ പരാജയം ഏറ്റുവാങ്ങുന്നതിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വെറ്ററന്‍മാരായ ചേതേശ്വര്‍ പൂജാരയുടേയും അജിങ്ക്യാ രഹാനേയുടെയും ടീം ഇന്ത്യയുമായുള്ള മധുവിധു അവസാനിച്ചു. ദക്ഷിണാഫ്രിക്കയിലെ അവസാന ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സിലും ഇരുവര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഇരുവരും പുറത്തേക്കുള്ള വഴി കാണുകയാണ്. രണ്ടാം ഇന്നിംഗ്‌സില്‍ പൂജാര ഒമ്പത് റണ്‍സിന് പുറത്തായപ്പോള്‍ രഹാനേയ്ക്ക് നേടാനായത് ഒരു റണ്‍സായിരുന്നു.

ഇരുവരും തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ സമൂഹ മാധ്യമങ്ങളില്‍ ഇരുവരുടേയും പേര് ചേര്‍ത്ത് ‘പുരാനാ (പഴയത്)’ എന്ന ഹാഷ്ടാഗും പ്രചരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ ആറില്‍ അഞ്ച് ഇന്നിംഗ്‌സുകളിലും പരാജയമായതോടെ ഇരുവരുടേയും അവസാന പരമ്പരയായിരിക്കും ദക്ഷിണാഫ്രിക്കയിലേത് എന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഇതോടെ ഫെബ്രുവരി മാര്‍ച്ചില്‍ നടക്കുന്ന ശ്രീലങ്കയ്ക്ക് എതിരേയുള്ള പരമ്പരയില്‍ ഇവര്‍ക്കു പകരം ഹനുമ വിഹാരിയോ ശുഭ്മാന്‍ ഗില്ലോ ശ്രേയസ് അയ്യരോ ടീമിലെത്താന്‍ സാദ്ധ്യതയേറി.

136 റണ്‍സ നേടിയിട്ടുള്ള രഹാനേയുടെ ശരാശരി 22.66 ആണ്. 20.66 ശരാശരിയില്‍ പൂജാരയുടേത് 124 റണ്‍സും. പുതിയ തെരഞ്ഞെടുപ്പില്‍ സ്ഥിതിവിവര കണക്കുകളും പ്രസക്തമാകുമെന്ന ചേതന്‍ശര്‍മ്മയുടെ പ്രസ്താവനയൂം നല്‍കുന്ന സൂചന മറ്റൊന്നുമല്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇരുവരും സ്ഥിരമായി പരാജയപ്പെടുകയാണ്. എന്നിട്ടും ഇരുവരേയും സെലക്ടര്‍മാര്‍ കൈവിട്ടിരുന്നില്ല. ഇത്രയുമെല്ലാം ഉണ്ടായിട്ടും പൂജാരയും രഹാനേയും 95 ഉം 82 ടെസ്റ്റുകള്‍ വീതം കളിച്ചു എന്നതാണ് എല്ലാവരുടേയും അത്ഭുതപ്പെടുന്നത്.