അവരെ കുറ്റപ്പെടുത്തേണ്ട; എല്ലാവരും ഇരുട്ടിലെന്ന് ഫറോഖ് എന്‍ജിനീയര്‍

മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിക്കേണ്ടിവന്നതിന് പഴി കേള്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും കോച്ച് രവി ശാസ്ത്രിയെയും പിന്തുണച്ച് മുന്‍ വിക്കറ്റ് കീപ്പര്‍ ഫാറൂഖ് എന്‍ജിനീയര്‍. അഞ്ചാം ടെസ്റ്റിന്റെ പേരില്‍ വിരാടിനെയും ശാസ്ത്രിയേയും പഴിചാരേണ്ടെന്ന് ഫറോഖ് എന്‍ജിനീയര്‍ പറഞ്ഞു. വിഷയത്തില്‍ എല്ലാവരും ഇരുട്ടില്‍ത്തപ്പുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കളി മുടങ്ങിയതിന് എല്ലാവരും രവി ശാസ്ത്രിയെയാണ് കുറ്റപ്പെടുത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് അത്ഭുതങ്ങള്‍ സമ്മാനിച്ച വ്യക്തിയാണ് അദ്ദേഹം. വിരാടും അങ്ങനെ തന്നെ. ഒരു പുസ്തക പ്രകാശനത്തിന് പോയതിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്താനാവില്ല- ഫറോഖ് പറഞ്ഞു.

ലണ്ടനിലെ ഹോട്ടലിനു പുറത്തേക്ക് ശാസ്ത്രിയും വിരാടും പോയിട്ടില്ല. ആള്‍ക്കാര്‍ സെല്‍ഫിക്കായി നമ്മുടെ അടുത്തേക്ക് വരും. എല്ലായ്‌പ്പോഴും അവരുടെ ആവശ്യം നിരാകരിക്കാനാവില്ല. അത്രമാത്രമേ രവിയും കോഹ്ലിയും ചെയ്തുകാണുകയുള്ളൂ. ആള്‍ക്കാരോട് അവര്‍ ഹസ്തദാനം നടത്തിക്കാണും. അടുത്തുവന്നവര്‍ കോവിഡ് പോസിറ്റീവാണോയെന്ന് അവര്‍ക്ക് എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും. മാഞ്ചസ്റ്റര്‍ ടെസ്റ്റിനെ ചുറ്റിപ്പറ്റി വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ടെസ്റ്റ് ഉപേക്ഷിക്കേണ്ടിവന്നതിന്റെ കാരണം സംബന്ധിച്ച് എല്ലാവരും ഇരുട്ടില്‍ത്തപ്പുകയാണെന്നും ഫറോഖ് എന്‍ജിനീയര്‍ പറഞ്ഞു.