ലോകകപ്പ് പരാജയം ബുദ്ധിയെയും ബാധിച്ചോ..,ബാബറിന്റെ മണ്ടത്തരം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

ലോകകപ്പ് പരാജയത്തിന് ശേഷം പാകിസ്ഥാൻ മുൻ നായകൻ ബാബറിന്റെ ബുദ്ധിക്ക് എന്തെങ്കിലും പ്രശ്നം സംഭവിച്ചോ? ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാനും ഓസ്‌ട്രേലിയൻ പ്രൈം മിനിസ്റ്റർ ഇലവനും തമ്മിലുള്ള മത്സരം കാണുന്ന ആർക്കും അങ്ങനെ ഒരു സംശയം തോന്നാം. മത്സരത്തിന്റെ ആദ്യ ദിനം കളിനിർത്തുമ്പോൾ 89.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 324 റൺസാണ് പാകിസ്ഥാൻ നേടിയത്.

പുറത്താകാതെ തകർപ്പൻ സെഞ്ച്വറി നേടിയ ബാറ്റിംഗ് തുടരുന്ന പാകിസ്ഥാൻ ടെസ്റ്റ് ടീമിന്റെ പുതിയ നായകൻ ഷാൻ മസൂദിന്റെ തോളിലേറിയാണ് മികച്ച സ്‌കോറിലെത്തിയത്. മികച്ച തുടക്കം കിട്ടിയിട്ടും വലിയ സ്കോറുകളാക്കി മാറ്റുന്നതിൽ ബാക്കി പാക് താരങ്ങൾ പരാജയപ്പെട്ടപ്പോൾ നല്ല ഒരു ഇന്നിങ്‌സുമായി താരം കളം നിറയുക ആയിരുന്നു.

പാകിസ്താനായി നായകൻ സർഫ്രാസ് 41 റൺ എടുത്തപ്പോൾ ബാബർ 40 റൺ നേടി. മികച്ച ഇന്നിംഗ്സ് കളിച്ചെങ്കിലും ബാബർ ഇപ്പോൾ ട്രോളുകളിൽ നിറയുകയാണ്. ഷാൻ മസൂദിനൊപ്പം മൂന്നാം വിക്കറ്റിൽ ഒത്തുകൂടിയ ബാബർ മികച്ച രീതിയിൽ കൂട്ടുകെട്ട് ഉണ്ടാക്കി. ഇതിനിടെ ഓസ്‌ട്രേലിയൻ ബൗളർ എറിഞ്ഞ പന്തിൽ ഷാൻ മസൂദ് സ്‌ട്രൈറ്റ് ഡ്രൈവ് കളിച്ചപ്പോൾ തന്റെ അടുത്തുകൂടെ വന്ന പന്തിനെ കൈ കൊണ്ട് പിടിക്കാൻ ബാബർ ശ്രമിച്ചത് ചിരി പടർത്തി. ഇയാൾ ഞങ്ങളുടെ ടീം ആണോ എന്ന രീതിയിൽ ഓസ്‌ട്രേലിയൻ താരങ്ങളും അതിശയിച്ച് നിന്നു.

തനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ സൈഡിൽ കൂടി പോകുക ആയിരുന്ന പന്ത് എന്തിനാണ് ബാബർ തടയാൻ ശ്രമിച്ചതെന്ന് ആരാധകർ ചോദിക്കുന്നു . താൻ ബാറ്റ് ചെയ്യുകയാണോ ഫീൽഡ് ചെയ്യുകയാണോ എന്ന് ബാബർ ഒരു നിമിഷത്തേക്ക് മറന്നുപോയി എന്നാണ് ഇതു കണ്ട ആരാധകർ പറയുന്നത്.

അതെ സമയം പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന സെഷനിൽ സർഫറാസ് അഹമ്മദും സൗദ് ഷക്കീലും കടുത്ത തർക്കത്തിൽ ഏർപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നെറ്റ്സിൽ ബാറ്റ് ചെയ്യുകയായിരുന്ന സർഫറാസ് സഹതാരവുമായി തർക്കിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.