"എന്നെ ടീമിൽനിന്നും ഒഴിവാക്കിയത് ധോണി"; ഗാരി കിർസ്റ്റന്റെ സംഭാഷണം വെളിപ്പെടുത്തി ഇർഫാൻ പത്താൻ

2009 ലെ ന്യൂസിലൻഡ് പര്യടനത്തിൽ അഞ്ച് ഏകദിനങ്ങളിൽ നിന്നും തന്നെ ഒഴിവാക്കിയതിൽ അന്നത്തെ പരിശീലകൻ ഗാരി കിർസ്റ്റന്റെ വിശദീകരണം വെളിപ്പെടുത്തി ഇന്ത്യൻ മുൻ താരം ഇർഫാൻ പത്താൻ. അന്നത്തെ ക്യാപ്റ്റൻ എംഎസ് ധോണിയാണ് തന്നെ ഒഴിവാക്കിയതിന് പിന്നിലെന്ന് മുൻ ഓൾറൌണ്ടർ വെളിപ്പെടുത്തി. എന്നാൽ ആ തീരുമാനം കാരണം ധോണിയോട് തനിക്ക് ഒരു വിദ്വേഷവുമില്ലെന്ന് ഇർഫാൻ പറഞ്ഞു.

“ന്യൂസിലൻഡിൽ, ആദ്യ മത്സരത്തിനും രണ്ടാം മത്സരത്തിനും മൂന്നാം മത്സരത്തിനും ഞാൻ ബെഞ്ച് ചെയ്യപ്പെട്ടു. നാലാം മത്സരം മഴമൂലം സമനിലയിൽ പിരിഞ്ഞു. ഫൈനൽ മത്സരത്തിലും ഞാൻ പങ്കെടുത്തിരുന്നില്ല. പിന്നെ ഞാൻ ഗാരി സാറിനോട് എന്തുകൊണ്ടാണ് എന്നെ ഒഴിവാക്കിയതെന്ന് ചോദിച്ചു. എനിക്ക് എന്തെങ്കിലും മെച്ചപ്പെടുത്തേണ്ടതുണ്ടെങ്കിൽ, അദ്ദേഹത്തിന് എന്നോട് പറയാമായിരുന്നു, പക്ഷേ എന്നെ ഒഴിവാക്കിയതിന്റെ കാരണം അറിയാൻ ഞാൻ ആഗ്രഹിച്ചു, “ഇർഫാൻ പറഞ്ഞു.

“കിർസ്റ്റൻ എനിക്ക് രണ്ട് കാരണങ്ങൾ നൽകി. അദ്ദേഹം പറഞ്ഞു, ‘എന്റെ കയ്യിലില്ലാത്ത ചില കാര്യങ്ങളുണ്ട്’. അതായിരുന്നു ഗാരിയുടെ കൃത്യമായ വാക്കുകൾ. അത് ആരുടെ കൈകളിലാണെന്ന് ഞാൻ ചോദിച്ചു, പക്ഷേ അദ്ദേഹം എന്നോട് പറഞ്ഞില്ല. അത് ആരുടെ കൈകളിലാണെന്ന് എനിക്കറിയാമായിരുന്നു.”

Read more

“ക്യാപ്റ്റൻ്റെ തിരഞ്ഞെടുപ്പാണ് പ്ലേയിംഗ് ഇലവനെ തീരുമാനിക്കുന്നത്. ക്യാപ്റ്റൻ, കോച്ച്, മാനേജ്മെന്റ് എന്നിവരുടേതാണ് തീരുമാനം. അന്ന് ധോണിയാണ് ക്യാപ്റ്റൻ. ആ തീരുമാനം ശരിയാണോ തെറ്റാണോ എന്നതിലേക്ക് ഞാൻ കടക്കുന്നില്ല, കാരണം ഓരോ ക്യാപ്റ്റനും സ്വന്തം രീതിയിൽ ടീമിനെ നയിക്കാൻ അവകാശമുണ്ട്, “പത്താൻ കൂട്ടിച്ചേർത്തു.