മാഞ്ചസ്റ്റര്‍ ടെസ്റ്റിന് പകരം എന്തെന്ന് തീരുമാനമായി; പരമ്പരയില്‍ ഇന്ത്യ ലീഡ് തുടരും

ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ ഉപേക്ഷിച്ച മാഞ്ചസ്റ്റര്‍ ടെസ്റ്റിന് പകരം എന്തെന്ന കാര്യത്തില്‍ ബിസിസിഐയും ഇസിബിയും (ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്) തമ്മില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്. പരമ്പരയുടെ ഭാഗമെന്ന നിലയില്‍ ഒറ്റ ടെസ്റ്റായി തന്നെ മത്സരം നടത്താനാണ് ഇരു ബോര്‍ഡുകളുടെയും തീരുമാനം എന്നറിയുന്നു.

കോവിഡ് ഭീതിമൂലം ഇന്ത്യന്‍ താരങ്ങള്‍ പിന്മാറിയതാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റ് തല്‍ക്കാലം വേണ്ടെന്നുവയ്ക്കാന്‍ കാരണം. ടെസ്റ്റ് ഉപേക്ഷിച്ചതുമൂലം 400 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഇസിബി പറഞ്ഞിരുന്നു. നഷ്ടം നികത്താന്‍ സഹായിക്കാമെന്ന് ബിസിസിഐ ഉറപ്പുനല്‍കുകയുണ്ടായി.

2022 ജൂലൈയില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പര കളിക്കാന്‍ ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകുന്നുണ്ട്. മൂന്ന് ട്വന്റികളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ഇതിനു പുറമെ ഒരു ടെസ്റ്റ് കൂടി കളിക്കാമെന്നാണ് ഇന്ത്യ സമ്മതിച്ചിട്ടുള്ളത്. മാഞ്ചസ്റ്റര്‍ തന്നെയാവും മത്സരത്തിന്റെ വേദി. അപൂര്‍ണമായി അവശേഷിക്കുന്ന പരമ്പരയുടെ ഭാഗമായിട്ടായിരിക്കും ഏക ടെസ്റ്റും കളിക്കുക. അതുവരെ ഇന്ത്യക്ക് പരമ്പരയില്‍ 2-1ന്റെ ലീഡ് എന്ന സ്ഥിതി തുടരുകയും ചെയ്യും.