പ്രചോദനത്തിന് പ്രത്യേക കാരണം ആവശ്യമില്ലായിരുന്നു; കലിപ്പടക്കി വാര്‍ണര്‍

അവഗണനയുടെ പഴയൊരു കണക്ക് മനസിലേറ്റിയായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ കളത്തിലിറങ്ങിയത്. വാര്‍ണറുടെ ഒരോ ഷോട്ടിലും ചുവടിലും ആ പക കനലായി എരിയുന്നാണ്ടായിരുന്നു. ഈ നീറ്റലില്‍ മികച്ചൊരു ഇന്നിംഗ്‌സാണ് വാര്‍ണര്‍ പടുത്തുയര്‍ത്തിയത്. 58 ബോളില്‍ പുറത്താകാതെ 92 റണ്‍സ്.

കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സിന്റെ നായകനായിരുന്ന വാര്‍ണറെ ആ സ്ഥാനത്തു നിന്ന് ഒഴിവാക്കിയ ടീം പിന്നീട് പ്ലേയിംഗ് ഇലവനില്‍ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു. പിന്നീട് ലേലത്തിന് മുമ്പ് താരത്തിനെ നിലനിര്‍ത്തേണ്ടതില്ലെന്ന് താരം തന്നെ തീരുമാനമറിയിച്ചതോടെ സണ്‍റൈസേഴ്‌സ് വാര്‍ണറെ റിലീസ് ചെയ്തു. തുടര്‍ന്ന് മെഗാ ലേലത്തില്‍ ഡല്‍ഹി താരത്തെ സ്വന്തമാക്കുകയായിരുന്നു.

മത്സര ശേഷം ഹൈദരാബാദിനോടുള്ള കലിപ്പിനെക്കുറിച്ച് വാര്‍ണര്‍ തന്നെ തുറന്നടിച്ചു. ‘എനിക്ക് അധിക പ്രചോദനം ആവശ്യമില്ലായിരുന്നു. മുന്‍പ് സംഭവിച്ചത് നമ്മള്‍ എല്ലാവരും കണ്ടതാണ്. വിജയിക്കാന്‍ സാധിച്ചതില്‍ സന്തോഷം’ വാര്‍ണര്‍ പറഞ്ഞു.

മത്സരത്തില്‍ 21 റണ്‍സിനാണ് ഡല്‍ഹി ജയിച്ചു കയറിയത്. സ്‌കോര്‍: ഡല്‍ഹി 20 ഓവറില്‍ 3 വിക്കറ്റിന് 207. ഹൈദരാബാദ് 20 ഓവറില്‍ 8 വിക്കറ്റിന് 186. വാര്‍ണറാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.