ചാഹല്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ യോഗ്യനല്ല; തുറന്നടിച്ച് പാക് താരം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഒഴിവാക്കപ്പെട്ട പ്രധാന താരങ്ങളിലൊന്ന് സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹലായിരുന്നു. താരത്തെ ഒഴിവാക്കിയതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മുന്‍ താരങ്ങളടക്കം ഇത് ചൂണ്ടിക്കാട്ടി രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ ചാഹലിനെ ഒഴിവാക്കിയത് ശരിയായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്നിരിക്കുകയാണ് പാക് മുന്‍ താരം ഡാനിഷ് കനേരിയ.

ചാഹല്‍ ഇപ്പോള്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ യോഗ്യനല്ല. സ്ഥിരത പുലര്‍ത്താന്‍ ചാഹലിന് സാധിക്കുന്നില്ല. കുല്‍ദീപ് യാദവാകട്ടെ പതിവായി വിക്കറ്റുകള്‍ വീഴ്ത്തുകയും മധ്യ ഓവറുകളില്‍ ഫലപ്രദമായി പന്തെറിയുകയും ചെയ്യുന്നു. സെലക്ടര്‍മാരുടേത് ശരിയായ തീരുമാനമായിരുന്നു- കനേരിയ പറഞ്ഞു.

ചാഹലിന് പകരം കുല്‍ദീപ് യാദവാണ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലിടം പിടിച്ചത്.വെസ്റ്റ് ഇന്‍ഡീസിനെതിരായ പ്രകടനമാണ് കുല്‍ദീപിന് ടീമിലെത്താനുള്ള വഴി തെളിയിച്ചത്. കുല്‍ദീപിനെ കൂടാതെ രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ എന്നിവരും ടീമിലുണ്ട്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്.