ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ വീണ്ടും ദാദ, ടീമില്‍ സെവാഗും ശ്രീശാന്തും!

ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം സീസണ്‍ ഈ വര്‍ഷം സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി നടക്കും. ഇന്ത്യ മഹാരാജാസും വേള്‍ഡ് ജയന്റ്സും തമ്മിലുള്ള പ്രത്യേക മത്സരത്തോടെ സെപ്റ്റംബര്‍ 15 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് സീസണ് തുടക്കമാകുന്നത്.

ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്ന കളിക്കാര്‍ ആരൊക്കെയാവുമെന്ന് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. വീരേന്ദര്‍ സെവാഗ്, എസ് ശ്രീശാന്ത്, ഹര്‍ഭജന്‍ സിംഗ്, അജയ് ജഡേജ എന്നിവരടക്കം 17 അംഗ ഇന്ത്യ മഹാരാജാസ് ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ഇയോന്‍ മോര്‍ഗന്‍, ബ്രെറ്റ് ലീ, ജാക്ക് കാലിസ്, സനത് ജയസൂര്യ, ജോണ്‍ടി റോഡ്സ്, മുത്തയ്യ മുരളീധരന്‍, ഡെയ്ല്‍ സ്റ്റെയ്ന്‍ തുടങ്ങിയ താരങ്ങളാണ് വേള്‍ഡ് ജയന്റ്‌സ് ടീമിലുള്ളത്.

മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഇന്ത്യ മഹാരാജാസിനെ നയിക്കുമ്പോള്‍, മുന്‍ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ നായകന്‍ ഇയോന്‍ മോര്‍ഗന്‍ വേള്‍ഡ് ജയന്റ്സിനെ നയിക്കും.

India Maharajas and World Giants squads.

ഈ പ്രത്യേക മത്സരത്തിന് ഒരു ദിവസം കഴിഞ്ഞ്, എല്‍എല്‍സി കിരീടത്തിനായി നാല് ടീമുകള്‍ മത്സരിക്കുന്നതോടെ ലീഗ് ആരംഭിക്കും. മൊത്തം 15 മത്സരങ്ങളാണ് ഈ സീസണില്‍ നടക്കുക. 6 നഗരങ്ങളിലായി 22 ദിവസങ്ങളിലായിട്ടാണ് ടൂര്‍ണമെന്റ്.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചാണ് ഈ വര്‍ഷത്തെ പതിപ്പ് സമര്‍പ്പിക്കുന്നതെന്ന് ഔദ്യോഗിക എല്‍എല്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന പതിപ്പിന്റെ ഫൈനലില്‍ ഏഷ്യ ലയണ്‍സിനെ 25 റണ്‍സിന് പരാജയപ്പെടുത്തിയ വേള്‍ഡ് ജയന്റ്‌സ് ജേതാക്കളായിരുന്നു.