നീണ്ട 25 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയും ന്യുസിലാൻഡും ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഓസ്ട്രേലിയയെയും, സൗത്ത് ആഫ്രിക്കയെയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്. മാർച്ച് 9 ന് ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.
ഗ്രൂപ്പ് ഘട്ടത്തിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 44 റൺസിന് വിജയിച്ചിരുന്നു. അത് കൊണ്ട് തന്നെ ഫൈനലിലും കീവികളെ തോൽപിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ. എന്നാൽ ഐസിസി നോക്ക്ഔട്ട് മത്സരങ്ങളുടെ ചരിത്രം നോക്കിയാൽ ന്യുസിലാൻഡ് പല തവണ ഇന്ത്യയെ പരാജയപെടുത്തിയിട്ടുണ്ട്. അതിനുള്ള മറുപടി രോഹിത് കിരീടം ഉയർത്തി കൊടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.
ന്യുസിലാൻഡിനെതിരെ നടന്ന ഗ്രൂപ്പ് മത്സരത്തിൽ കീവികളുടെ പദ്ധതികളെ എല്ലാം തകിടം മറിച്ചത് ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തിയായിരുന്നു. താരം 10 ഓവറിൽ 42 റൺസ് വഴങ്ങി 5 വിക്കറ്റുകൾ സ്വന്തമാക്കി. വരുൺ ഫൈനൽ മത്സരത്തിൽ ന്യുസിലാൻഡിനെതിരെ ഭീഷണി ഉയർത്തുന്ന താരമാണെന്ന് പറഞ്ഞിരിക്കുകയാണ് ബോളിംഗ് പരിശീലകൻ ഗാരി സ്റ്റെഡ്ഡ്.
ഗാരി സ്റ്റെഡ്ഡ് പറയുന്നത് ഇങ്ങനെ:
” വരുൺ ചക്രവർത്തി ന്യുസിലാൻഡിന് വലിയ ഒരു ഭീഷണിയാണ്. ഞങ്ങളുടെ ഇപ്പോഴത്തെ ചിന്ത അദ്ദേഹത്തിന്റെ പന്തിനെ എങ്ങനെ പ്രതിരോധിക്കാം എന്നാണ്, അതിലൂടെ വരുണിനെതിരെ റൺസ് സ്കോർ ചെയ്യാൻ ഞങ്ങൾക്ക് സാധിക്കും” ഗാരി സ്റ്റെഡ്ഡ് പറഞ്ഞു.