ചാമ്പ്യൻസ് ട്രോഫിയിൽ ആവേശകരമായ സെമി ഫൈനൽ മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ 50 റൺസിന് പരാജയപ്പെടുത്തി രാജകീയമായി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ന്യുസിലാൻഡ്. ഈ ടൂർണമെന്റിൽ ഇത് രണ്ടാം തവണയാണ് ന്യുസിലാൻഡ് ഇന്ത്യയെ നേരിടാൻ പോകുന്നത്. മാർച്ച് 9 ന് ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.
മത്സരത്തിൽ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച് വെച്ചത് ഡേവിഡ് മില്ലർ തന്നെയാണ്. മില്ലറിന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെ 67 പന്തിൽ 10 ഫോറും 4 സിക്സറുമടക്കം 100* റൺസ് ആണ് താരം അടിച്ചെടുത്തത്. എന്നാൽ താരത്തിന്റെ സെഞ്ച്വറി വിഫലമായി പോകുകയായിരുന്നു. മത്സരത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഡേവിഡ് മില്ലർ.
ഡേവിഡ് മില്ലർ പറയുന്നത് ഇങ്ങനെ:
” ബാറ്റിങ്ങിന് അനുകൂലമായ പിച്ച് ആയിരുന്നെങ്കിലും 360 റൺസ് പിന്തുടരുക എളുപ്പമല്ല. രണ്ടാമത് ബാറ്റ് ചെയ്തപ്പോൾ പിച്ചിന്റെ സ്വഭാവം മാറുകയും അത് ന്യൂസിലാൻഡ് സ്പിന്നർമാരെ പിന്തുണയ്ക്കുകയും ചെയ്തു. അതുകൊണ്ടാണ് നിർണായകമായ ചില വിക്കറ്റുകൾ ന്യൂസിലാൻഡിന് വീഴ്ത്താൻ കഴിഞ്ഞത്”
ഫൈനൽ മത്സരത്തിൽ ഏത് ടീമിനെയായിരിക്കും പിന്തുണയ്ക്കുക എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഡേവിഡ് മില്ലർ:
“ഐസിസി ചാംപ്യൻസ് ട്രോഫിക്ക് ആവേശകരമായ ഒരു ഫൈനൽ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. ഒരു കാര്യം സത്യസന്ധമായി ഞാൻ പറയുകയാണ്. ഫൈനലിൽ ഞാൻ പിന്തുണയ്ക്കുന്നത് ന്യൂസിലാൻഡിനെ ആയിരിക്കും” ഡേവിഡ് മില്ലർ പറഞ്ഞു.