ചാമ്പ്യൻസ് ട്രോഫി 2025 ലെ ആദ്യ ഫൈനലിസ്റ്റുകളായി മാറിയിരിക്കുകയാണ് ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരെ 4 വിക്കറ്റിന് വിജയിച്ച് ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയതോടെ 2023 ഏകദിന ലോകകപ്പ് ഫൈനലിൽ തോല്പിച്ചതിന്റെ മറുപടി രണ്ട് വർഷത്തിന് ശേഷം ഇന്ത്യ വീട്ടിയ സന്തോഷത്തിലാണ് ആരാധകർ. മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ മികവിലാണ് ഓസ്‌ട്രേലിയയുടെ 265 റൺസ് ഇന്ത്യ മറികടന്നത്.
ഇന്ത്യൻ ടീമിലെ ഓൾ റൗണ്ടർ പ്രകടനമാണ് ഇന്നലത്തെ മത്സരത്തിൽ നിർണായകമായത്. ഇന്ത്യയുടെ എല്ലാ ഡിപ്പാർട്മെന്റിലും മികച്ച പ്രകടനം കാഴ്ച്ച വെച്ച താരങ്ങളാണ് ഹാർദിക് പാണ്ട്യ, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർ. 2023 ഏകദിന ലോകകപ്പിൽ ഇന്ത്യൻ സ്‌ക്വാഡിന്റെ ഭാഗമാകാൻ ഹാർദിക്കിന് സാധിച്ചിരുന്നെങ്കിലും പരിക്ക് പറ്റി താരം പുറത്തായിരുന്നു. എന്നാൽ അക്‌സർ പട്ടേൽ സ്‌ക്വാഡിൽ ഉണ്ടായിരുന്നില്ല. ഇവർ രണ്ട് പേരും ഉണ്ടായിരുന്നെങ്കിൽ ഏകദിന ലോകകപ്പ് ഇന്ത്യയുടെ കൈയിൽ ഇരിക്കുമായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര.
ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:
” നമ്മൾ ഇപ്പോഴും നവംബർ 19 ഇൽ ഉണ്ടായ ഷോക്കിലാണ്. അന്നത്തെ ദിവസം ഹാർദിക് പാണ്ട്യയും, അക്‌സർ പട്ടേലും ടീമിൽ വേണമായിരുന്നു. എനിക്ക് ഇപ്പോഴും ഓർമയുണ്ട് അന്നത്തെ എന്റെ ട്വീറ്റ്. ഇന്ത്യ കിരീടം ഉയർത്തുമ്പോൾ ഞാൻ ഇവരെ തീർച്ചയായും മിസ് ചെയ്യും എന്ന് പറഞ്ഞിരുന്നു. ആ ട്വീറ്റിന് അധികം പ്രായമായില്ല, എന്നാൽ നമ്മൾ ആ മത്സരം തോറ്റിരുന്നു. പക്ഷെ ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരം കൊണ്ട് നമുക്ക് മനസിലായി അന്ന് ഇവന്മാർ ഉണ്ടായിരുന്നെങ്കിൽ ഏകദിന ലോകകപ്പ് നമ്മൾ നേടിയേനെ എന്ന്’ ആകാശ് ചോപ്ര പറഞ്ഞു.







