ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ അതിദയനീയ പ്രകടനം നടത്തി പോയിന്റ് പട്ടികയിൽ മോശം പ്രകടനം നടത്തുന്ന ചെന്നൈ സൂപ്പർ കിങ്സിന് ഇന്നും കണ്ടകശനി. പ്ലേ ഓഫ് എത്താതെ പുറത്തായ ആദ്യ ടീമായ ചെന്നൈ ഇന്നും മാനം രക്ഷിക്കാനുള്ള പോരിനാണ് ബാംഗ്ലൂരിനെതിരെ ഇറങ്ങിയത്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ചെന്നൈക്ക് ആകെ സന്തോഷിക്കാൻ അവസരം കൂട്ടിയത് 5 – 6 ഓവറുകൾ മാത്രമാണ്. ബാക്കി കണ്ടത് ചെന്നൈ ബോളർമാരെ ബോളിങ് മെഷീൻ പോലെ നേരിടുന്ന ആർസിബി ബാറ്റ്സ്മാന്മാരെയാണ്. തുടക്കത്തിൽ മിന്നി, ഇടക്ക് മങ്ങി, അവസാനം ആളിക്കത്തിയ ബാംഗ്ലൂർ ആദ്യ ഇന്നിങ്സിൽ ചെന്നൈക്ക് എതിരെ അടിച്ചുകൂട്ടിയത് 213 – 5 റൺസ്.
33 പന്തിൽ 62 റൺ നേടിയ കോഹ്‌ലി ടോപ് സ്‌കോറർ ആയപ്പോൾ സഹ ഓപ്പണർ ജേക്കബ് ബെതേലും മോശമാക്കിയില്ല. ആദ്യ വിക്കറ്റിൽ 97 റൺ കൂട്ടിച്ചേർത്ത ശേഷമാണ് 55 റൺ എടുത്ത ജേക്കബിനെ മടക്കി പാതിരാണ ചെന്നൈക്ക് ആശ്വാസം നൽകിയത്. താരം പുറത്തായിട്ടും അടിച്ചുകളിച്ച കോഹ്‌ലിയും മടങ്ങിയതോടെ ടീമിന്റെ സ്കോറിന് വേഗം കുറഞ്ഞു. പടിക്കൽ 17 , രജത് 11 , ജിതേഷ് ശർമ്മ 7 എന്നിവരുടെ വിക്കറ്റ് നഷ്ടമായി. അതോടെ ആർസിബി 200 ൽ താഴെയുള്ള സ്‌കോറിൽ ഒതുങ്ങുമോ എന്ന് തോന്നിച്ചു.
എന്നാൽ വെസ്റ്റ് ഇൻഡീസിൽ നിന്നുള വമ്പനടിക്കാരൻ റൊമാരിയോ ഷെപ്പേർഡ് തന്റെ വിശ്വരൂപം പുറത്തെടുത്ത് താണ്ഡവമാടുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. പവർ പ്ലേയിൽ നല്ല അടികിട്ടിയ ഖലീൽ അഹമ്മദ് ആയിരുന്നു കളിയുടെ 19 ആം ഓവർ എറിയാൻ എത്തിയത്. ഖലീലിന്റെ മൂന്നാം ഓവറിൽ 33 റൺസാണ് റൊമാരിയോ അടിച്ചത്. അങ്ങനെ തന്റെ മൂന്ന് ഓവറിൽ 65 റൺസാണ് താരം തന്റെ സ്പെല്ലിൽ വഴങ്ങിയത്. 4 ഓവറിൽ 76 റൺസ് വഴങ്ങിയ ആർച്ചർ ആണ് ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വിലയേറിയ സ്പെൽ എറിഞ്ഞത്.
ഒരു ഓവർ കൂടി കൊടുത്തിരുന്നെങ്കിൽ ആ റെക്കോഡ് താരം സ്വന്തമാക്കും എന്നാണ് ട്രോളുകൾ വരുന്നത്. എന്തായാലും ഖലീലിന് ഒരു ഓവർ കൂടി നൽകാത്ത ധോണിക്ക് അഭിനന്ദനം എന്നും ആരാധകർ പറയുന്നുണ്ട്. എന്തായാലും ആ ഓവറിൽ 33 റൺ എടുത്ത റൊമാരിയോ അവസാന ഓവറിൽ രണ്ട് ബൗണ്ടറികളും രണ്ട് സിക്സറുകളും കൂടി പറത്തി 14 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിൽ എത്തുന്ന രണ്ടാമത്തെ താരമായി.