നഷ്ടപ്പെട്ടതിന്റെ മൂല്യം എന്താണെന്ന് സിഎസ്‌കെയ്ക്ക് ഇപ്പോള്‍ ശരിക്കും മനസ്സിലായിക്കാണും ; ആര്‍സിബിയുടെ ബാറ്റിംഗ് കണ്ടപ്പോള്‍

ആര്‍സിബിയുടെ ആദ്യ മത്സരം കണ്ടപ്പോള്‍ നഷ്ടപ്പെട്ടത് എന്താണെന്നതിന്റെ മൂല്യം സിഎസ്‌കെയ്ക്ക് ശരിക്കും മനസ്സിലായിക്കാണും. റിലീസ് ചെയ്ത മിക്ക താരങ്ങളെയും മെഗാലേലത്തില്‍ തിരിച്ചുപിടിച്ച സിഎസ്‌കെയ്ക്ക് പിടിച്ചെടുക്കാന്‍ കഴിയാതെ പോയ വമ്പനായിരുന്നു ദക്ഷിണാഫ്രിക്കയുടെ മൂന്‍ നായകനും കഴിഞ്ഞ സീസണില്‍ തങ്ങളുടെ ബാറ്റിംഗിന്റെ നെടുന്തൂണുകളില്‍ ഒന്നുമായ ഫാഫ് ഡ്യുപ്‌ളെസിസ്. കിട്ടിയ അവസരം കൃത്യമായി മുതലെടുത്ത ആര്‍സിബി താരത്തെ ടീമിലെടുക്കുക മാത്രമായിരുന്നില്ല നായകനുമാക്കി.

ആദ്യ മത്സരത്തില്‍ ഫാഫ് ഡ്യുപളെസിസ് നടത്തിയ വെടിക്കെട്ട് കൂടി കണ്ടുകഴിഞ്ഞപ്പോള്‍ സിഎസ്‌കെയ്ക്ക് ശരിക്കും നഷ്ടബോധം തോന്നിക്കാണും. 57 പന്തുകള്‍ നേരിട്ട ഡ്യൂപ്‌ളെസിസ് നായകന്റെ കളി കളിക്കുകയും ചെയ്തു. 88 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ താരം അടിച്ചുകൂട്ടിയത്. ബാറ്റില്‍ നിന്നും പറന്നത് ഏഴു സിക്‌സറുകളായിരുന്നു. മൂന്ന് ഫോറുകളും. ഡ്യുപ്‌ളെസിസിന്റെ ബാറ്റിംഗ് മികവ് ശരിക്കും ആര്‍സിബിയ്ക്ക് ഗുണമായി. 205 ലേക്കായിരുന്നു സ്‌കോര്‍ പോയത്. ഒടുവില്‍ അര്‍ഷദ് ദീപ് സിംഗ് ഷാരൂഖ് ഖാന്റെ കയ്യില്‍ എത്തിക്കുകയായിരുന്നു.

Read more

ഡ്യുപ്‌ളെസിസിന് മികച്ച പിന്തുണയുമായി നിന്ന വിരാട്‌കോഹ്ലിയും ബാറ്റിംഗ് ശരിക്കും ആസ്വദിച്ചു. 29 പന്തുകളില്‍ 41 റണ്‍സാണ് കോഹ്ലി അടിച്ചത്. നായകന്റെ ഭാരം ഡ്യുപ്‌ളെസിസിന്റെ തലയിലേക്ക് മാറ്റിയ കോഹ്ലി പൂര്‍ണ്ണമായും സമ്മര്‍ദ്ദമില്ലാതെ ആസ്വദിച്ച് കളിക്കുകയുമായിരുന്നു പുതിയ നായകന്‍ ഒരറ്റത്ത് ബാറ്റിംഗ് തുടരുമ്പോള്‍ മറുവശത്ത്് സ്‌ട്രൈക്ക് കൈമാറിയുള്ള കളിയായിരുന്നു കോഹ്ലി പുറത്തെടുത്തത്. തന്റെ ഇന്നിംഗ്‌സില്‍ അധികം ആക്രമിക്കാന്‍ പോകാതിരുന്ന കോഹ്ലി ഒരു ബൗണ്ടറിയും രണ്ടു സിക്‌സും മാത്രമാണ് അടിച്ചത്. നായകസ്ഥാനത്തിന്റെ ഭാരം ഇറക്കിവെച്ച കോഹ്ലി കൂടുതല്‍ അപകടകാരിയാകുമെന്ന ഓസ്‌ട്രേലിയന്‍ താരം മാക്‌സ്‌വെല്ലിന്റെ പ്രവചനം കോഹ്ലിയില്‍ നിന്നും പ്രതീക്ഷിക്കാമെന്ന സൂചനയാണ് താരം നല്‍കിയത്.