“ക്രിക്കറ്റ് താരങ്ങളാണ് മാതൃകകൾ, കുട്ടികൾ ഇവരെ കണ്ട് പഠിച്ച് ഇങ്ങനെ പെരുമാറാൻ തുടങ്ങിയാലോ?”; ഇന്ത്യയെ വിമർശിച്ച് സൽമാൻ ആഘ

ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഇന്ത്യൻ കളിക്കാരെ വിമർശിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഘ. എസിസി മേധാവി മൊഹ്‌സിൻ നഖ്‌വിയിൽ നിന്നും ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചിലൂടെ ഇന്ത്യ ലോക ക്രിക്കറ്റിനെ അനാദരിച്ചു എന്ന് അദ്ദേഹം ആരോപിച്ചു. നഖ്‌വിയിൽ നിന്നും ട്രോഫി സ്വീകരിക്കില്ലെന്ന് ടീം ഇന്ത്യ നേരത്തെ മുൻകൂട്ടിത്തന്നെ തീരുമാനിച്ചിരുന്നു.

ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി. പിന്നീട് പാകിസ്ഥാൻ സർക്കാരിലെ ഒരു മന്ത്രിയാണെന്ന് പറഞ്ഞ് പിസിബി മേധാവി മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫിയും മെഡലുകളും സ്വീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. ഇന്ത്യ എമിറേറ്റ്‌സ് ബോർഡ് വൈസ് ചെയർമാനിൽ നിന്ന് ട്രോഫി വാങ്ങാൻ തയ്യാറായിരുന്നു. പക്ഷേ ഏഷ്യ ക്രിക്കറ്റ് കൗൺസിൽ അഭ്യർത്ഥന നിരസിച്ചു. ഒപ്പം എസിസിയുടെ ഉദ്യോഗസ്ഥർ ട്രോഫിയും മെഡലുകളും ഇന്ത്യയ്ക്ക് കൈമാറാതെ കൊണ്ടുപോയി.

“ഇന്ത്യ ഞങ്ങളുമായി ഹസ്താനം നടത്തിയില്ല, മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചു. അവർ ഞങ്ങളെ അനാദരിക്കുക മാത്രമല്ല, ക്രിക്കറ്റിനെയും അനാദരിക്കുകയുമാണ്. മറ്റ് ടീമുകൾ അവരെ പിന്തുടരാൻ തുടങ്ങിയാൽ എന്തുചെയ്യും? ഇത് എവിടെ അവസാനിക്കും? ക്രിക്കറ്റ് താരങ്ങളാണ് മാതൃകകൾ, കുട്ടികൾ ഇവരെ കണ്ട് പഠിച്ച് ഇങ്ങനെ പെരുമാറാൻ തുടങ്ങിയാലോ? സംഭവിച്ചതെല്ലാം ശരിയായിരുന്നില്ല,” സൽമാൻ ആഘ പറഞ്ഞു.

Read more

പാകിസ്ഥാൻ പത്രസമ്മേളനത്തിൽ നിന്ന് വിട്ടുനിന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിനെ അദ്ദേഹം കുറ്റപ്പെടുത്തി. “ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചുകൊണ്ട് ആരാണ് ഇതെല്ലാം ആരംഭിച്ചത്? മോഷിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ആരാണ് വിസമ്മതിച്ചത്? ഇതെല്ലാം ആരംഭിച്ച ടീമിനോട് നിങ്ങൾ ചോദിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.