ടി20 പൂരത്തിന് കൊടിയേറുന്നു; ഐ.പി.എല്ലിന് മുന്നേ സി.പി.എല്‍

കോവിഡ് പ്രതിസന്ധി മറികടന്ന് മൈതാനങ്ങളിലേക്ക് ക്രിക്കറ്റ് ആരവം തിരികെയെത്തുന്നു. ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഓഗസ്റ്റ് 18-ന് തുടക്കമാവും. സെപ്റ്റംബര്‍ 10-നാണ് ഫൈനല്‍. കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ട സ്‌റ്റേഡിയങ്ങളിലാവും മത്സരങ്ങള്‍ നടക്കുക.

ആറ് ടീമുകള്‍ മാറ്റുരക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ 33 മത്സരങ്ങളാണുണ്ടാകുക. ഗയാന ആമസോണ്‍ വാരിയേഴ്‌സും ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാര്‍ബഡോസ് ട്രൈഡന്റ്‌സ് സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്‌സിനെ നേരിടും.

Image

ടറൗബയിലെ ബ്രയാന്‍ ലാറ അക്കാദമി ഗ്രൗണ്ടിലും പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ക്യൂന്‍സ് പാര്‍ക്ക് ഓവലിലുമാണ് മത്സരങ്ങൾ നടക്കുക. സെമിഫൈനലുകളും ഫൈനലും ബ്രയാന്‍ ലാറ അക്കാദമി സ്റ്റേഡിയത്തിലാണ് നടക്കുക. കോവിഡ് സാഹചര്യത്തിലാണ് മത്സരങ്ങള്‍ രണ്ട് വേദികളിലേക്കായി ചുരുക്കിയത്.

Caribbean Premier League To Commence On August 18 Till September 10

ഇത്തവണത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ആദ്യമായൊരു ഇന്ത്യന്‍ താരവും എത്തുന്നുണ്ട്.. 48- കാരനായ വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെയ്ക്കാണ് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ലീഗില്‍ ട്രിന്‍ബാബോ നൈറ്റ് റൈഡേഴ്സാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് തവണ കിരീടം നേടിയ ടീമാണ് ട്രിന്‍ബാബോ നൈറ്റ് റൈഡേഴ്സ്.