ദാദയെ പുറത്താക്കണം; ഐപിഎല്ലില്‍ പുതിയ വിവാദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേശകനായ ഇന്ത്യന്‍ ഇതിഹാസം സൗരവ് ഗാംഗുലിക്കെതിരേ നടപടി ആവശ്യപ്പെട്ട് രണ്ട് ബംഗാള്‍ സ്വദേശികള്‍ ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡികെ ജെയ്‌ന് പരാതി നല്‍കി. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരിക്കെ ഐപിഎല്‍ ടീമിന്റെ ഉപദേശകനായത് ബിസിസിഐ ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണ് രഞ്ജിത് കെആര്‍ സീല്‍, ഭശ്വതി സാന്റുവ എന്നിവര്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏതെങ്കിലും സ്ഥാനം വഹിക്കുന്നവര്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ പ്രവര്‍ത്തിക്കരുതെന്നാണ് കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ചട്ടം. അതേസമയം, ഡല്‍ഹി ഉപദേശകനായി പ്രവര്‍ത്തിക്കുന്നതിന് കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്ന് ഗാംഗുലി അറിയിച്ചിട്ടുണ്ട്.

അടുത്ത മാസം 12ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ഡല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരത്തില്‍ പിച്ച് ക്യുറേറ്റര്‍മാരെ ഗാംഗുലിക്ക് സ്വാധീനിക്കാന്‍ സാധിക്കുമെന്നും ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് പരാതിയില്‍ പറയുന്നത്.

Read more

ലോധ കമ്മിറ്റി പരിഷ്‌കരണങ്ങളിലുള്ള സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാന്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.