ക്രിസ് ബ്രോഡിന് പരിക്കെന്ന് ട്വീറ്റ്, 'എണ്‍പതുകളില്‍ നിന്ന് വളരൂ അസു ഭായി' എന്ന് സോഷ്യല്‍ മീഡിയ

സമൂഹ മാധ്യമങ്ങളിലെ ഇടപെടല്‍ വളരെ സൂക്ഷിച്ചു വേണം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബാറ്റിംഗ് ഇതിഹാസവുമായ മുഹമ്മദ് അസറുദ്ദീനും അത് നന്നായറിയാം. എന്നാല്‍ ഇക്കുറി അസറിന്റെ ഒരു ട്വീറ്റ് ഒന്നു പാളി. സമൂഹ മാധ്യമവാസികള്‍ അസറിനെ ശരിക്ക് ട്രോളുകയും ചെയ്തു.

ക്രിസ് ബ്രോഡിനും ജിമ്മി ആന്‍ഡേഴ്‌സനും പരിക്കേറ്റതിനാല്‍ ഇംഗ്ലണ്ടിന് രണ്ടാം നിര ബൗളര്‍മാരേ ഉള്ളൂ. ഇന്ത്യക്ക് മുന്‍തൂക്കം- എന്നായിരുന്നു അസറുദ്ദീന്റെ ട്വീറ്റ്. ഇംഗ്ലീഷ് പേസര്‍ സ്റ്റ്യുവര്‍ട്ട് ബ്രോഡിനാണ് പരിക്കേറ്റത്. എന്നാല്‍ സ്റ്റ്യുവര്‍ട്ടിന് പകരം ക്രിസ് ബ്രോഡിനു പരിക്കേറ്റെന്നാണ് അസര്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയത്. എണ്‍പതുകളില്‍ നിന്ന് വളരൂ അസ്സു ബായി എന്നാണ് സോഷ്യല്‍ മീഡിയ അസറിനെ ട്രോളിയത്.

സ്റ്റ്യുവര്‍ട്ടിന്റെ അച്ഛനാണ്ക്രിസ് എന്ന് നിരവധി പേര്‍ അസറിനെ തിരുത്തുകയും ചെയ്തു. സ്റ്റ്യുവര്‍ട്ട് ബ്രോഡില്ലെങ്കിലും ഇംഗ്ലണ്ടിന് പ്രശ്‌നമില്ലെന്നും പകരമെത്തുന്ന മാര്‍ക്ക് വുഡ് മികവിലേക്കുയരുമെന്നും വിലയിരുത്തുന്നവരുമുണ്ട്. ബ്രോഡിന്റെ അഭാവം മറികടക്കാന്‍ പാകത്തിലെ ശക്തി ഇംഗ്ലണ്ട് പേസ് നിരയ്ക്കുണ്ടെന്ന് പ്രതികരിച്ചവരും കുറച്ചല്ല.