കാന്‍സറിനെ പൊരുതിത്തോല്‍പ്പിച്ച ഒരു കുട്ടിക്കാലം, വെയ്ഡ് ലോകത്തിന് ഒരു അത്ഭുതമാണ്

പാകിസ്ഥാനെതിരായ ടി20 ലോക കപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് അത്ഭുതവിജയം സമ്മാനിച്ച മാത്യു വേഡിന്റെ ജീവിതകഥ എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പതിനാറുകാരനായിരുന്ന വേഡ് കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുകയായിരുന്നു. നാഭിയില്‍ പന്ത് കൊണ്ടതിന്റെ വേദന മൂലം ഡോക്ടറെ കാണാം എന്ന് വേഡ് തീരുമാനിച്ചു.

നിസ്സാരമായ ഒരു ചികിത്സയ്ക്കു ശേഷം വീട്ടില്‍ പോകാം എന്ന് കരുതിയിരുന്ന വേഡിനെ ഞെട്ടിച്ചു കൊണ്ട് ഡോക്ടറുടെ മറുപടി വന്നു- ”നിനക്ക് വൃഷണത്തില്‍ കാന്‍സറാണ്. നാഭിയില്‍ ബോള്‍ കൊണ്ടത് ഒരു കണക്കിന് നന്നായി. അല്ലെങ്കില്‍ നീ പോലും ഈ ട്യൂമര്‍ ശ്രദ്ധിക്കില്ലായിരുന്നു…”

അതുകേട്ട് തരിച്ചിരുന്ന ടീനേജറുടെ മുഖത്ത് നോക്കി ഡോക്ടര്‍ തുടര്‍ന്നു-
”കീമോതെറാപ്പി ചെയ്യേണ്ടി വരും. അതിന്റെ ഭാഗമായി നിന്റെ തലമുടി നഷ്ടമാവും. ഇതെല്ലാം നേരിടാനുള്ള തയ്യാറെടുപ്പ് നീ നടത്തണം…”വെയ്ഡിന് ഒന്നും ഉരിയാടാനായില്ല. ഡോക്ടറുടെ മുറിയില്‍ തികഞ്ഞ നിസ്സംഗതയോടെ അവന്‍ ഇരുന്നു. ആ ഞെട്ടല്‍ വര്‍ഷങ്ങളോളം വേഡിനെ പിന്തുടര്‍ന്നു.

Australia Cricketer Matthew Wade Reveals Why he Would Avoid Verbal Clashes With Indian Team | Cricket News
കൃത്യമായ ചികിത്സയുടെ സഹായത്തോടെ വേഡ് അര്‍ബുദത്തെ കീഴടക്കി. കീമോതെറാപ്പി ചെയ്യുന്നതിനിടയില്‍ വീണുകിട്ടിയ ഇടവേളകളില്‍ അവന്‍ ക്രിക്കറ്റ് പരിശീലിച്ചു. പക്ഷേ ഓസ്‌ട്രേലിയയുടെ ദേശീയ ടീമില്‍ എത്തിപ്പെടാനാകും എന്ന് വേഡ് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല.

ആദം ഗില്‍ക്രിസ്റ്റ് എന്ന മഹാരഥന്‍ അലങ്കരിച്ച ഓസീസ് വിക്കറ്റ് കീപ്പറുടെ സ്ഥാനം ഒരു അസുഖക്കാരന്‍ പയ്യന് മോഹിക്കാന്‍ സാധിക്കുന്നതെങ്ങനെ!? പക്ഷേ ആ കൊടുമുടി വേഡ് കീഴടക്കി. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ അയാള്‍ ഓസ്‌ട്രേലിയയുടെ കുപ്പായമണിഞ്ഞു. തികഞ്ഞ അഭിമാനത്തോടെ ബാഗി ഗ്രീന്‍ തലയില്‍ ധരിച്ചു. എങ്കിലും വേഡിന്റെ അസ്ഥിരമായ പ്രകടനങ്ങള്‍ സദാ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി.

Australia name Matthew Wade skipper for Bangladesh T20 series | Deccan Herald

കളര്‍ ബ്ലൈന്‍ഡ്‌നെസ് ആയിരുന്നു വേഡിന്റെ മറ്റൊരു പ്രശ്‌നം. ഡേ നൈറ്റ് ടെസ്റ്റുകളില്‍ കീപ്പ് ചെയ്യുന്ന സമയത്താണ് വേഡ് അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചത്. കൃത്രിമ വെളിച്ചത്തില്‍ പിങ്ക് ബോള്‍ കൈപ്പിടിയിലൊതുക്കാന്‍ അയാള്‍ ശരിക്കും പ്രയാസപ്പെട്ടു.

ഇതെല്ലാം അതിജീവിച്ച് അയാള്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം വരെയെത്തി. ടി20 ലോക കപ്പിന്റെ ഫൈനലിലെ സ്ഥാനവും വേഡും തമ്മില്‍ 18 റണ്ണുകളുടെ ദൂരം ഉണ്ടായിരുന്നു. പ്രതിബന്ധം ആയി നിന്നിരുന്നത് ഷഹീന്‍ അഫ്രിഡിയായിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബോളര്‍മാരിലൊരാള്‍.

Hasan Ali's dropped catch not turning-point: Matthew Wade

വേഡിന് ഒരു ചുവട് പോലും പിഴച്ചില്ല. സിക്‌സ്,സിക്‌സ്,സിക്‌സ്…!”
ജീവിതം നിങ്ങളെ തളര്‍ത്തുമ്പോള്‍ മാത്യു വേഡിനെ പോലെ അതിജീവിക്കുക…!
വിമര്‍ശനങ്ങളെ നിങ്ങള്‍ മാത്യു വേഡിനെ പോലെ അടിച്ചകറ്റുക…!
തിരിച്ചു വരാനുള്ള അവസരങ്ങള്‍ നമുക്ക് ലഭിക്കുമ്പോള്‍ നാം മാത്യു വേഡ് ആയി അവതാരമെടുക്കുക…!