'വംശീയതയ്ക്ക് എതിരെ ലോകമെങ്ങും നടക്കുന്ന പോരാട്ടങ്ങള്‍ക്ക് പ്രചോദനം പകര്‍ന്ന താരം'; സൈമണ്ട്‌സിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

അന്തരിച്ച ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്സിന് അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആന്‍ഡ്രൂ സൈമണ്ട്‌സിന്റെ അകാല വിയോഗം അതീവ ദുഃഖകരമാണെന്നും വംശീയതയ്ക്ക് എതിരെ ലോകമെങ്ങും നടക്കുന്ന പോരാട്ടങ്ങള്‍ക്ക് പ്രചോദനം പകര്‍ന്ന താരമാണ് അദ്ദേഹമെന്നും പിണറായി വിജയന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കുറിപ്പ് ഇങ്ങനെ..

പ്രശസ്ത ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സിന്റെ അകാല വിയോഗം അതീവ ദുഃഖകരമാണ്. ലോകം കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ട് ക്രിക്കറ്റര്‍മാരില്‍ ഒരാള്‍ ആയിരുന്നു സൈമണ്ട്‌സ്. കാണികളെ ആവേശഭരിതരാക്കിയ അദ്ദേഹത്തിന്റെ ക്രിക്കറ്റ് പ്രകടനങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടും.

ഓസ്‌ട്രേലിയയിലെ തദ്ദേശീയ ജനവിഭാഗത്തിന് ഇടയില്‍ നിന്നും ക്രിക്കറ്റ് താരമായി ഉയര്‍ന്നുവന്ന സൈമണ്ട്‌സ് വംശീയതയ്ക്ക് എതിരെ ലോകമെങ്ങും നടക്കുന്ന പോരാട്ടങ്ങള്‍ക്ക് പ്രചോദനം പകര്‍ന്നു. അദ്ദേഹത്തിന്റെ നിര്യാണം കായിക മേഖലയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആദരാഞ്ജലികള്‍.

ശനിയാഴ്ച രാത്രിയോടെ ക്വീന്‍സ്ലാന്‍ഡിലെ ടൗണ്‍സ്വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചുണ്ടായ കാറപകടത്തിലാണ് സൈമണ്ട്‌സ് മരണപ്പെട്ടത്. ഓസ്‌ട്രേലിയക്കായി സൈമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും 14 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 2003, 2007 ലോക കപ്പുകള്‍ കരസ്ഥമാക്കിയ ഓസ്‌ട്രേലിയന്‍ ടീമിലെ പ്രധാന താരമായിരുന്നു അദ്ദേഹം.