ചെന്നൈ ആരാധകർ വിജയിക്കുമ്പോൾ മാത്രമല്ല തോൽക്കുമ്പോഴും നിങ്ങൾ അവരുടെ കൂടെ നിൽക്കണം: ആർ. അശ്വിൻ

ആദ്യ ഹോം മത്സരത്തിൽ പഞ്ചാബിനോട് നാണംകെട്ട തോൽവി വഴങ്ങിയതിനു ശേഷം ചെന്നൈ ഇന്ന് കളത്തിലേക്ക് ഇറങ്ങുകയാണ്. വിരാട് കോഹ്‌ലിയുടെ കരുത്തിൽ എത്തുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ വിജയിച്ചാൽ മാത്രമേ ചെന്നൈയ്ക്ക് ആദ്യ രണ്ട് മത്സരങ്ങളിലെ തോൽവിയുടെ നാണക്കേട് നികത്താൻ സാധിക്കൂ.

ആദ്യ മത്സരങ്ങൾ തോറ്റതിന് ശേഷം ചെന്നൈക്കും സഞ്ജു സാംസണിനു നേരെയും വൻ ആരാധകരോഷമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ, ടീമിനെതിരെ വിമർശനം ഉന്നയിക്കുന്ന ആരാധകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ.

“ചെന്നൈ ആരാധകരോട് എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്, ദയവായി ഒരു കളിക്കാരനെയും നിങ്ങൾ അധിക്ഷേപിക്കരുത്. ഓരോ താരത്തെയും പിന്തുണയ്ക്കുക. ജയിക്കുമ്പോൾ മാത്രം കൂടെ നിൽക്കുന്നതല്ല ആരാധകൻ. അഞ്ച് കിരീടങ്ങൾ എന്നത് വലിയൊരു പാരമ്പര്യമാണ്, എന്നാൽ അതിന്റെ ഭാരം ആയുഷ് മാത്രെയുടെയോ ഉർവിൽ പട്ടേലിന്റെയോ ചുമലിൽ കെട്ടിവെക്കരുത്. അവർക്ക് ആസ്വദിച്ച് കളിക്കാൻ അവസരം നൽകണം. ഏതാനും വർഷങ്ങൾക്കുള്ളിൽ ചെന്നൈ വീണ്ടും അജയ്യരായ ടീമായി മാറും.” അശ്വിൻ പറഞ്ഞു.