'ചെക്കൻ പുലിയാണ്'; ചെന്നൈക്കെതിരെ വൈഭവ് സൂര്യവൻഷിയുടെ വൺമാൻ ഷോ

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 8 വിക്കറ്റുകൾക്കും 47 പന്തുകൾ ബാക്കിനിൽക്കേയുമാണ് രാജസ്ഥാൻ വിജയ സ്കോർ മറികടന്നത്. രാജസ്ഥാൻ റോയൽസിന് വേണ്ടി യുവ താരം വൈഭവ് സൂര്യവൻഷി 17 പന്തുകളിൽ നിന്നായി 5 സിക്‌സും 4 ഫോറുമായി 52 റൺസാണ് താരം നേടിയത്.

വണ്‍ ഡൗണായെത്തിയ ധ്രുവ് ജൂറലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 9 പന്തില്‍ 18 റണ്‍സെടുത്ത ജൂറലിനെ പുറത്താക്കിയതും കാംബോജായിരുന്നു. മറുവശത്ത് പതിവില്‍ നിന്നും വ്യത്യസ്തമായി കരുതലോടെയായിരുന്നു ഓപ്പണറായ യശ്വസി ജയ്‌സ്വാൾ‌ ബാറ്റുചെയ്തത്. ജയ്‌സ്വാള്‍ 36 പന്തില്‍ 38 റണ്‍സുമായും ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 11 പന്തില്‍ 14 റണ്‍സുമായും പുറത്താകാതെ നിന്നു.

ബര്‍സപാര സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 19.4 ഓവറില്‍ 127 റണ്‍സ് മാത്രമാണ് നേടാനായത്. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ (6) അടക്കമുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. അവസാന ഓവറില്‍ തകര്‍ത്തടിച്ച ജാമി ഓവര്‍ട്ടണാണ് സിഎസ്‌കെയെ 120 കടത്തിയത്. 36 പന്തില്‍ 43 റണ്‍സെടുത്ത ഓവര്‍ട്ടണാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.