ട്വന്റി20 ലോക കപ്പ് ടീമില്‍ മാറ്റം; സ്പിന്നര്‍ക്ക് പകരം പേസര്‍

ഇന്ത്യയുടെ ട്വന്റി20 ലോക കപ്പ് ടീമില്‍ ഒരു മാറ്റം. ഓള്‍ റൗണ്ടറുടെ റോളില്‍ പരിഗണിച്ചിരുന്ന ഇടംകൈയന്‍ സ്പിന്നറായ അക്‌സര്‍ പട്ടേലിനെ നീക്കി പേസര്‍ ഷാര്‍ദുല്‍ താക്കൂറിന് ഇടം നല്‍കി.  15 അംഗ അന്തിമ ടീമിലാണ്‌ഷാര്‍ദുലിനെ ഉള്‍പ്പെടുത്തിയത്.

സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാത്ത സാഹചര്യത്തിലാണ് ഷാര്‍ദുലിനെ ടീമിലേക്ക് വിളിച്ചത്. അക്‌സറിന് പരിക്കൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.അക്‌സര്‍ പകരക്കാരുടെ നിരയില്‍ ഉള്‍പ്പെടും. ടീം മാനെജ്‌മെന്റും സെലക്ഷന്‍ കമ്മിറ്റിയും കൂടിയാലോചിച്ചാണ് ഷാര്‍ദുലിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജയും ആര്‍. അശ്വിനും രാഹുല്‍ ചഹറും വരുണ്‍ ചക്രവര്‍ത്തിയമുണ്ട്. അതിനാല്‍ അക്‌സറിന്റെ ആവശ്യമില്ലെന്ന വിലയിരുത്തലുണ്ടായി. ഓള്‍ റൗണ്ടറുടെ റോളില്‍ ഹാര്‍ദിക് കളിക്കുമോയെന്ന് ഉറപ്പില്ല. അതിനാല്‍ ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിലെ രണ്ട് അര്‍ദ്ധ ശതകങ്ങളോടെ ഓള്‍ റൗണ്ടര്‍ പദവിക്ക് അവകാശവാദമുന്നയിച്ച ഷാര്‍ദുലിന് അവസരമൊരുക്കുകയായിരുന്നു.