ചാമ്പ്യൻസ് ട്രോഫി 2025: അക്സറിനോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ പോകുന്നത് ആ രീതിയിലൂടെ; ഞെട്ടിച്ച് രോഹിത് ശർമ്മ

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ 6 വിക്കറ്റുകൾക്ക് തോല്പിച്ച് ഇന്ത്യ. യുവ താരം ശുഭ്മാന്‍ ഗിലിന്റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ വിജയിച്ചത്. എന്നാൽ മത്സരത്തിൽ നാടകീയമായ സംഭവ വികസങ്ങൾക്കാണ് ഇന്ത്യൻ ആരാധകർ സാക്ഷിയായത്. അക്‌സർ തന്റെ ആദ്യ ഓവറിന്റെ രണ്ടാം പന്തിൽ തന്നെ ഭേദപ്പെട്ട പ്രകടനം നടത്തിയ തൻസിദ് ഹസനെ രാഹുലിന്റെ കൈയിൽ എത്തിച്ച ശേഷം തൊട്ടടുത്ത പന്തിൽ അപകടകാരിയായ മുഷ്ഫിഖുർ റഹീമിനെയും (0 ) മടക്കി. തൊട്ടടുത്ത പന്തിൽ ഹാട്രിക്ക് എടുക്കാൻ ഉള്ള അവസരം ഉണ്ടായിരിക്കെ മനോഹരമായ രീതിയിൽ പന്തെറിഞ്ഞ അക്‌സർ ജാക്കർ അലിയെ നായകൻ രോഹിത്തിന്റെ കൈയിൽ എത്തിച്ചതാണ്.

എന്നാൽ സ്ലിപ്പിൽ നിന്ന രോഹിത് അമിതാവേശത്തിൽ കൈയിൽ ഇരുന്ന ക്യാച്ച് വിട്ടുകളയുക ആയിരുന്നു. ക്യാച്ച് വിട്ടുകളഞ്ഞതിന് തൊട്ടുപിന്നാലെ ദേഷ്യത്തിൽ ഗ്രൗണ്ടിൽ നാല് തവണ അടിക്കുന്നതും കാണാൻ സാധിച്ചു. ശേഷം കൈകൂപ്പി അക്സറിനോട് താരം ക്ഷമയും പറയുന്നത് കാണാൻ സാധിച്ചു. മത്സരശേഷം അതിനെ കുറിച്ച് രോഹിത് സംസാരിച്ചു.

രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ:

” അക്ഷര്‍ പട്ടേല്‍ ഹാട്രിക്ക് തികയ്‌ക്കേണ്ടിയിരുന്ന ആ ക്യാച്ച് ഞാൻ തീര്‍ച്ചയായും എടുക്കേണ്ടതായിരുന്നു. നാളെ ഞാന്‍ അക്ഷറിനെ അത്താഴത്തിനു കൊണ്ടുപോവാമെന്നു പറഞ്ഞിട്ടുണ്ട്. അതു വളരെ എളുപ്പമുള്ള ഒരു ക്യാച്ചായിരുന്നു”

രോഹിത് ശർമ്മ തുടർന്നു:

” എന്റെ ഇതു വരെ സെറ്റ് ചെയ്തിട്ടുള്ള ഒരു നിലവാരം നോക്കുമ്പോള്‍ ആ ക്യാച്ച് ഞാന്‍ എടുക്കുകയും ചെയ്യേണ്ടതായിരുന്നു. പക്ഷെ ഈ തരത്തിലുള്ള കാര്യങ്ങള്‍ സംഭവിച്ചേക്കാമെന്നു എനിക്കറിയാം. മികച്ചൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന്റെ ക്രെഡിറ്റ് റിദോയ്ക്കും ജേക്കറിനുമാണ് ” രോഹിത് ശർമ്മ പറഞ്ഞു.