ചാമ്പ്യൻസ് ട്രോഫി 2025: ആ താരത്തെ ഒരിക്കലും ടീമിൽ എടുക്കാൻ സാധിക്കില്ല, അതിനൊരു കാരണമുണ്ട്; വമ്പൻ വെളിപ്പെടുത്തലുമായി ശുഭ്മാൻ ഗിൽ

ഈ മാസം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടീം പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഈ ടൂർണമെന്റിൽ കപ്പ് ജേതാക്കളായെ തീരു.

ഇപ്പോൾ കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ ഒമ്പത് മത്സരത്തില്‍ നിന്ന് 779 റണ്‍സുമായി ഗംഭീര പ്രകടനം കാഴ്ച വെച്ച താരമാണ് കരുൺ നായർ. അതിലെ പ്രകടനത്തിൽ താരത്തിന് ഇന്ത്യൻ ടീമിലേക്ക് വീണ്ടും വിളിയെത്തും എന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. സ്‌ക്വാഡ് പ്രഖ്യാപനത്തിൽ കരുൺ നായരുടെ പേരുണ്ടായിരുന്നില്ല. താരത്തിനെ ഉൾപെടുത്താത്തതിൽ വൻ വിമർശനങ്ങൾ ഉയരുന്നുണ്ട്. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ.

ശുഭ്മാൻ ഗിൽ പറയുന്നത് ഇങ്ങനെ:

” വിജയ് ഹസാരെ ട്രോഫിയില്‍ അവന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിച്ചാല്‍ ആരെയാണ് ഒഴിവാക്കാന്‍ സാധിക്കുക. നിലവിലെ ഇന്ത്യന്‍ താരങ്ങളെല്ലാം ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തുന്നവരാണ്. ഏകദിന ലോകകപ്പില്‍ മധ്യനിരയില്‍ കളിച്ചവര്‍ 400ലധികം റണ്‍സെടുത്തു”

ശുഭ്മാൻ ഗിൽ തുടർന്നു:

” ഇതിന് ശേഷം പൂര്‍ണ്ണമായ ടീം കരുത്തോടെ മൂന്ന് ഏകദിന മത്സരമാണ് ആകെ കളിച്ചത്. ആര്‍ക്കും അധികം അവസരം ലഭിച്ചില്ല. ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കായിരുന്നു. നിലവിലെ താരങ്ങളെല്ലാം സ്ഥിരതയോടെ കളിക്കുന്നവരാണ്. അത് കൊണ്ട് തന്നെ അവരെ മാറ്റാൻ സാധിക്കില്ല” ശുഭ്മാൻ ഗിൽ പറഞ്ഞു.