വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി 2025ൽ മികച്ച പ്രകടനം നടത്തുന്നവരിൽ ഒരാളാകാൻ ഫോമിലുള്ള ബാറ്റർ ശുഭ്മാൻ ഗില്ലിന് കഴിയുമെന്ന് മുൻ ഇന്ത്യൻ ബാറ്റർ സഞ്ജയ് മഞ്ജരേക്കർ. മഞ്ജരേക്കറുടെ അഭിപ്രായത്തിൽ, മറ്റ് ഇന്ത്യൻ താരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷത്തെ ടൂർണമെന്റ് തന്റേതാക്കി മാറ്റാൻ പറ്റുന്ന രീതിയിൽ ഉള്ള ഫോമിലാണ് ഗിൽ, എന്നും അതിനാൽ തന്നെ അദ്ദേഹത്തിൽ നിന്ന് ടീം ഒരുപാട് പ്രതീക്ഷിക്കുന്നു എന്നും മുൻ താരം പറഞ്ഞു.
ബുധനാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സമാപിച്ച ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ പ്ലെയർ ഓഫ് ദി സീരീസ് ഗിൽ ആയിരുന്നു. അഹമ്മദാബാദിൽ ഇന്നലെ നടന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഗംഭീരമായ സെഞ്ചുറിയും പൂർത്തിയാക്കി. ഇത് താരത്തിന്റെ കരിയറിലെ ഏഴാമത്തെ സെഞ്ച്വറി ആയിരുന്നു. അതിനുമുമ്പ് നാഗ്പൂരിലും കട്ടക്കിലും നടന്ന ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം 87ഉം 60ഉം സ്കോർ ചെയ്തു.
“ഇന്നത്തെ പ്രകടനത്തിൽ ശരിക്കും വേറിട്ടുനിൽക്കുന്നത് അവൻ എത്ര അനായാസമായാണ് തൻ്റെ സെഞ്ചുറിയിലെത്തിയത് എന്നതാണ്. സച്ചിന്റെയും കോഹ്‌ലിയുടെയും കളിശൈലിയുമായി ഗില്ലിന് സാമ്യതയുണ്ട്. ഇന്നലെ അവൻ നേടിയ സെഞ്ച്വറി മികച്ചതായിരുന്നു. ഈ ഫോർമാറ്റ് എങ്ങനെയാണ് കളിക്കേണ്ടത് എന്ന് അവൻ കാണിച്ചു തന്നു.
“ഇത് [ചാമ്പ്യൻസ് ട്രോഫി] ടൂർണമെൻ്റാണ്, മറ്റുള്ളവരെ അപേക്ഷിച്ച് ശുഭ്മാൻ ഗില്ലിനെ കൂടുതൽ ശ്രദ്ധിക്കും. ഏകദിനത്തിൽ അവൻ കാണിക്കുന്ന അസാധ്യ മികവ് തന്നെയാണ് അതിന് കാരണം. മറ്റുള്ള ഫോർമാറ്റുകൾ രണ്ടിലും നോക്കിയാൽ അവൻ ആ മികവ് കാണിക്കുന്നില്ല. എന്നാൽ ഏകദിനത്തിൽ ഗിൽ ആണ് ഏറ്റവും ബെസ്റ്റ്.”
അദ്ദേഹം ഇങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചു.
” അവൻ ചെറുപ്പമാണ്. ഇനിയും ഒരുപാട് സമയം ഉണ്ട്. ഏകദിനത്തിൽ ഉള്ള മികവ് ടെസ്റ്റിലും ടി 20 യിലും എല്ലാം ആവർത്തിക്കാൻ അദ്ദേഹത്തിന് സാധിക്കും എന്ന് ഉറപ്പുണ്ട്.”
അതേസമയം ബാറ്റ്‌സ്മാന്മാർ നടത്തുന്ന പ്രകടനത്തിൽ തന്നെയാണ് ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ പ്രതീക്ഷ അത്രയും.