ചാമ്പ്യന്‍സ് ട്രോഫി 2025: ഐസിസി പ്രതിനിധി സംഘം പാകിസ്ഥാനില്‍

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് 2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കും. മൂന്ന് സ്റ്റേഡിയങ്ങളിലായിട്ടാണ് ടൂര്‍ണമെന്റ് നടത്താന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. 2009 ല്‍ ശ്രീലങ്കന്‍ ദേശീയ ക്രിക്കറ്റ് ടീമിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഏക ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് ആതിഥേയത്വം വഹിച്ച 1996 ക്രിക്കറ്റ് ലോകകപ്പാണ് പാകിസ്ഥാനില്‍ നടന്ന അവസാന പ്രധാന ടൂര്‍ണമെന്റ് എന്നത് ശ്രദ്ധേയമാണ്.

അതിനിടെ, രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പ്രതിനിധി സംഘം മാര്‍ച്ച് 25 തിങ്കളാഴ്ച രാജ്യത്തെ ചാമ്പ്യന്‍സ് ട്രോഫി ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പാക്കിസ്ഥാനിലെത്തി. സീനിയര്‍ മാനേജര്‍ സാറാ എഡ്ഗര്‍, മാനേജര്‍ ഔണ്‍ സെയ്ദി എന്നിവരുള്‍പ്പെടെയുള്ള ഐസിസി ഇവന്റ് ഓപ്പറേഷന്‍സ് ടീം കറാച്ചിയിലെത്തി.

കറാച്ചിയിലെ നാഷണല്‍ ബാങ്ക് സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐസിസി പ്രതിനിധി സംഘം പരിശോധന നടത്തി. അതേസമയം വരാനിരിക്കുന്ന ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങളെക്കുറിച്ച് സ്റ്റേഡിയം മാനേജ്‌മെന്റ് പ്രതിനിധി സംഘത്തെ അറിയിക്കും. കൂടാതെ, ഐസിസി പ്രതിനിധി സംഘം നിയമ നിര്‍വ്വഹണ ഏജന്‍സികളില്‍ നിന്നുള്ള വിവിധ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.

ഇതിനുപുറമെ, മറ്റ് രണ്ട് ആതിഥേയ നഗരങ്ങളായ ലാഹോറും റാവല്‍പിണ്ടിയും സംഘം സന്ദര്‍ശിക്കും. ഐസിസി ഇവന്റ്സ് മേധാവി ക്രിസ് ടെറ്റ്ലി റാവല്‍പിണ്ടി സന്ദര്‍ശന വേളയില്‍ സംഘത്തിനൊപ്പം ചേരും. ആതിഥേയരായതിനാല്‍ പാകിസ്ഥാന്‍ 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് സ്വയമേവ യോഗ്യത നേടി. 2023 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ റാങ്കിംഗില്‍ ആദ്യ ഏഴ് സ്ഥാനങ്ങളിലെത്തിയ ടീമുകളും അവര്‍ക്കൊപ്പം ചേരും. 2017 ലെ അവസാന പതിപ്പ് വിജയിച്ച അവര്‍ നിലവിലെ ചാമ്പ്യന്മാരാണ്.