ടി20 ലോക കപ്പ്: സ്വരം കടുപ്പിച്ച് ശിഖര്‍ ധവാന്‍

ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോക കപ്പിനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ടീമുകളും. ഇന്ത്യയെ സംബന്ധിച്ച് വരുന്ന ഐപിഎല്‍ താരങ്ങള്‍ക്ക് ഏറെ നിര്‍ണായകമാണ്. ഇപ്പോഴിതാ ടി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുമോ എന്നത് സംബന്ധിച്ച തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് സീനിയര്‍ താരം ശിഖര്‍ ധവാന്‍.

‘ടി20 ലോക കപ്പ് നടക്കാനിരിക്കുകയാണ്. ഞാന്‍ നന്നായി കളിച്ചാല്‍ ടീമിലുണ്ടാവുമെന്ന് എനിക്കറിയാം. ഞാന്‍ എന്റേതായ രീതിക്ക് മുന്നോട്ട് പോകുന്ന ആളാണ്. ലക്ഷ്യങ്ങള്‍ വെക്കാറില്ല’ ധവാന്‍ പറഞ്ഞു.

ഇന്ത്യക്കായി 68 ടി20കളില്‍ നിന്ന് 27.92 ശരാശരിയില്‍ 1759 റണ്‍സാണ് ധവാന്‍ നേടിയത്. സ്ട്രൈക്കറേറ്റ് 126.36. ഐപിഎല്ലില്‍ 192 മത്സരത്തില്‍ നിന്ന് 5783 റണ്‍സ് നേടിയിട്ടുണ്ട്. സ്ട്രൈക്കറേറ്റ് 126.33.

രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവരാണ് ലോക കപ്പ് ടീമിലേക്ക് സ്ഥാനമുറപ്പിച്ച താരങ്ങള്‍. ഒരു വമ്പന്‍ യുവനിര അവസരം കാത്ത് മത്സരിച്ച് പിന്നണിയില്‍ നില്‍പ്പുണ്ട്. അവരെയും മറികടന്ന് വേണം ധവാന് ടീമില്‍ ഇടമുറപ്പിക്കാന്‍.