കോഹ്‌ലിക്ക് ഒപ്പം ഒരു റൂമില്‍ നില്‍ക്കാനായത് തന്നെ ഭാഗ്യം; മനസ്സ് തുറന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍

ഐപിഎല്‍ 14ാം സീസണില്‍ ആര്‍സിബിയുടെ ഭാഗ്യമായത് അവിശ്വസനീയമായ നിമിഷങ്ങളാണ് സമ്മാനിച്ചതെന്ന് മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. വിരാട് കോഹ്ലിക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാന്‍ സാധിച്ചത് തന്നെ വലിയ ഭാഗ്യമാണെന്നും അദ്ദേഹത്തില്‍ നിന്നാണ് കൂടുതല്‍ മികച്ച ക്രിക്കറ്റ് താരവും നല്ല മനുഷ്യനുമാവാനുള്ള ചിന്ത തനിക്കുണ്ടായതെന്നും അസ്ഹറുദ്ദീന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘അവിശ്വസനീയമായ ഏതാനും മാസങ്ങളായിരുന്നു ഇത്. നിങ്ങള്‍ക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാന്‍ സാധിച്ചത് സ്വപ്ന തുല്യമായിരുന്നു. നിങ്ങള്‍ മുമ്പില്‍ നിന്ന് നയിക്കുന്ന ഈ ടീമിന്റെ ഭാഗമായി നില്‍ക്കാന്‍ സാധിച്ചത് എത്രമാത്രം വിലമതിക്കാനാവാത്തതാണ് എന്ന് എനിക്ക് പറഞ്ഞറിയിക്കാനാവില്ല.’

‘നിങ്ങളുടെ ഒപ്പം ഒരു മുറിയില്‍ കഴിയാന്‍ സാധിച്ചെന്ന് ഞാന്‍ അഭിമാനത്തോടെ പറയും. നിങ്ങളില്‍ നിന്നാണ് കൂടുതല്‍ മികച്ച ക്രിക്കറ്റ് താരവും നല്ല മനുഷ്യനുമാവാനുള്ള ചിന്ത എനിക്കുണ്ടായത്. നിങ്ങള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ എന്തായാലും അത് താത്കാലികമാണ്. നന്ദി, ക്യാപ്റ്റന്‍.’ കോഹ് ലിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് അസ്ഹറുദ്ദീന്‍ കുറിച്ചു. താരം ആര്‍സിബി സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ ഇടംലഭിച്ചില്ല.