പന്തിന്റെ ടെക്‌നിക്കില്‍ ദ്രാവിഡ് തൊട്ടുപോകരുത്; മുന്നറിയിപ്പുമായി ഓസീസ് താരം

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിടുന്ന ഋഷഭ് പന്തിന് പിന്തുണയുമായി ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്. ഷോട്ട് തിരഞ്ഞെടുപ്പല്ല പന്തിന്റെ പ്രശ്‌നമെന്നും മനശ്ശാസ്ത്രപരമായ പ്രശ്‌നമാണ് താരത്തിനെന്നും ഹോഗ് പറഞ്ഞു.

‘സാങ്കേതിക വിദ്യയിലും ഷോട്ട് സിലക്ഷനിലും പന്തു മികവു പുലര്‍ത്തുന്നുണ്ട്. മനശ്ശാസ്ത്രപരമായ പ്രശ്‌നങ്ങളാണു പന്തിനുള്ളത്. പന്തിന്റെ മാനസികാവസ്ഥ അനുകൂലമാണോ അതോ പ്രതികൂലമോ? ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ പ്രകോപനമാണോ പന്തിനു വിനയായത്? ഇത്തരം കാര്യങ്ങളാണു പരിശോധിക്കേണ്ടത്.’

Brad Hogg picks Best XI of IPL 2021; Rishabh Pant to lead

‘ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ പന്തിന്റെ മാനസികാവസ്ഥ അത്ര മികച്ചതായിരുന്നില്ലെന്ന് എനിക്കു പറയാനാകും. ഷോട്ട് തിരഞ്ഞെടുപ്പു സംബന്ധിച്ചു പന്തുമായി സംസാരിക്കുമെന്നാണു രാഹുല്‍ ദ്രാവിഡ് പറഞ്ഞത്. മനശ്ശാസ്ത്രപരമായ പ്രശ്‌നമാണ് പന്തിന് എന്നതിനാല്‍ അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.’

‘ആവേശം കൊള്ളിക്കുന്ന ബാറ്റിംഗാണു പന്തിന്റേത്. പക്ഷേ പന്തിന്റെ കളി കാണുമ്പോള്‍ നിരാശയും തോന്നുന്നു. ഒന്നുകില്‍ മികച്ച സ്‌കോര്‍ നേടും, അല്ലെങ്കില്‍ തുച്ഛമായ സ്‌കോറിനു പുറത്താകും. ടീമിന് ആവശ്യമുള്ള സമയത്ത് മികച്ച പ്രകടനം നടത്താന്‍ ചിലപ്പോഴൊക്കെ പന്തിനു കഴിയുന്നുമില്ല. പക്ഷേ, ഭേദപ്പെട്ട ബാറ്റിംഗ് ടെക്‌നിക്കിന് ഉടമയാണു പന്ത്’ ഹോഗ് പറഞ്ഞു.