സൂപ്പര്‍ കിംഗ്‌സിന് മികച്ച സ്‌കോര്‍; കൊല്‍ക്കത്ത ചേസിംഗ് തുടങ്ങി

ഐപിഎല്‍ ഫൈനലില്‍ മുന്‍നിര ബാറ്റര്‍മാര്‍ തിളങ്ങിയപ്പോള്‍ കൊല്‍ക്ക നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിംഗ്‌സ് മൂന്ന് വിക്കറ്റിന് 192 റണ്‍സ് അടിച്ചുകൂട്ടി. ചേസിംഗ് ആരംഭിച്ച കൊല്‍ക്കത്ത പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 55 എന്ന നിലയില്‍. ശുഭ്മാന്‍ ഗില്ലും (22) വെങ്കടേഷ് അയ്യരും (31) ക്രീസിലുണ്ട്.

ഓപ്പണര്‍ ഫാഫ് ഡു പ്ലെസിയുടെ അര്‍ദ്ധ ശതകമാണ് ചെന്നൈ ഇന്നിംഗ്‌സിലെ ഹൈലൈറ്റ്. കൊല്‍ക്കത്ത ബോളര്‍മാരെ കടന്നാക്രമിച്ച ഡു പ്ലെസി 59 പന്തില്‍ 86 റണ്‍സ് വാരി. ഏഴു ഫോറും മൂന്ന് സിക്‌സും ഡു പ്ലെസിയുടെ ബാറ്റില്‍ നിന്ന് പറന്നു. മൊയീന്‍ അലി (20 പന്തില്‍ 37 നോട്ടൗട്ട്, രണ്ട് ബൗണ്ടറി, മൂന്ന് സിക്‌സ്), ഋതുരാജ് ഗെയ്ക്ക്‌വാദ് (32, മൂന്ന് ഫോര്‍, ഒരു സിക്‌സ്) റോബിന്‍ ഉത്തപ്പ (15 പന്തില്‍ 31, മൂന്ന് സിക്‌സ്) എന്നിവരും ചെന്നൈ സ്‌കോറില്‍ കാര്യമായ സംഭാവന നല്‍കി.

ചെന്നൈ ബാറ്റര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ സുനില്‍ നരെയ്ന്‍ ഒഴികെയുള്ള കൊല്‍ക്കത്ത ബോളര്‍മാര്‍ റണ്‍സ് ഏറെ വിട്ടുകൊടുത്തു. കിവി പേസര്‍ ലോക്കി ഫെര്‍ഗൂസന്‍ നാല് ഓവറില്‍ 56 റണ്‍സാണ് വഴങ്ങിയത്. നരെയ്ന്‍ രണ്ടു വിക്കറ്റും മാവി ഒരു വിക്കറ്റും വീതം പിഴുതു.