ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിൽ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. നാളുകൾ ഏറെയായി പാകിസ്ഥാന് ഇന്ത്യയെ ഒരു മത്സരത്തിൽ പോലും പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല. ടൂർണമെന്റിലെ നിലവിലുള്ള പ്രകടനത്തിൽ മത്സരം വിജയിക്കാനുള്ള സാധ്യത ഇന്ത്യക്ക് തന്നെയാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
എന്നാൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയെ വളരെ എളുപ്പത്തിൽ തോൽപ്പിക്കാൻ സാധിക്കും എന്ന് പറഞ്ഞിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. ഇന്ത്യൻ സംഘത്തിനെതിരെ കൃത്യമായ തന്ത്രങ്ങൾ മെനഞ്ഞ് ശാന്തതയോടെ നേരിടണമെന്ന് ആണ് ഷാഹീദ് അഫ്രീദിയുടെ ഉപദേശം.
കടുത്ത സമ്മർദ്ദം നിറഞ്ഞ മത്സരങ്ങളിൽ അടിസ്ഥാന കാര്യങ്ങളാണ് വിജയം നിർണയിക്കുന്നത്. ബാറ്റിങ് , ബൗളിങ്, ഫീൽഡിങ് എന്നീ മൂന്ന് മേഖലകളിലും പിഴവ് കുറക്കുന്ന ടീം ആകും വിജയം സ്വന്തമാക്കുക. ഇപ്പോഴത്തെ പാകിസ്ഥാൻ ടീമിന്റെ ഘടന മികച്ചതാണ്.
എട്ടാം നമ്പർ വരെ ബാറ്റിങ് ചെയ്യാൻ താരങ്ങൾ ഉള്ളത് ടീമിന് ഗുണം ചെയ്യും. ആദ്യ വിക്കറ്റുകൾ വേഗത്തിൽ നഷ്ടപ്പെട്ടാലും ആക്രമണ സ്വഭാവത്തോടെ ബാറ്റിങ് തുടരാൻ ടീമിന് കഴിയും. ഇന്നിങ്‌സിന്റെ ഭൂരിഭാഗം സമയവും ക്രീസിൽ പിടിച്ചുനിൽക്കുകയാണ് ബാറ്റർമാർ ചെയ്യേണ്ട പ്രധാന കാര്യമെന്നും അഫ്രിദി പറഞ്ഞു.
Read more
പാക് ടീമിന്റെ മുൻനിര ആറു ബാറ്റ്സ്മാൻമാർക്ക് 15–16 ഓവർ വരെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ആറാം വിക്കറ്റ് വീണതിന് ശേഷം ശേഷിക്കുന്ന 24 പന്തുകൾ അവസാന രണ്ട് ഹിറ്റർമാർ നോക്കിക്കോളും, അവർക്ക് ടീമിനായി മികച്ച സ്കോർ കണ്ടെത്താൻ കഴിയും” അഫ്രിദി പറഞ്ഞു. ഓപ്പണർമാരുടെ പ്രധാന ജോലി റൺറേറ്റ് നിലനിർത്തുന്നതിനൊപ്പം വിക്കറ്റ് അനാവശ്യമായി നഷ്ടപ്പെടുത്താതിരിക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.







