ഐപിഎലില്‍നിന്ന് ആ നിയമം ബിസിസിഐ മാറ്റണം, ഇല്ലെങ്കില്‍ ഇന്ത്യന്‍ ടീമിന് എട്ടിന്‍റെ പണികിട്ടും; മുന്നറിയിപ്പുമായി ജാഫര്‍

ഐപിഎലില്‍നിന്ന് ഇംപാക്റ്റ് പ്ലെയര്‍ നിയമം ബിസിസിഐ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണറും പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് പരിശീലകനുമായ വസീം ജാഫര്‍. 2023 സീസണിലാണ് ഇംപാക്റ്റ് പ്ലെയര്‍ നിയമം ബിസിസിഐ അവതരിപ്പിച്ചത്. മത്സര സമയത്ത് പ്ലെയിംഗ് ഇലവനിലുള്ള ഒരു താരത്തെ മാറ്റി ഒരു പകരക്കാരനെ ഇറക്കാന്‍ ഫ്രാഞ്ചൈസികളെ ഇത് അനുവദിക്കുന്നു. വരുന്ന കളിക്കാരന് ബാറ്റുകൊണ്ടും പന്തുകൊണ്ടും സംഭാവന ചെയ്യാം.

ഐപിഎല്‍ ഇംപാക്റ്റ് പ്ലെയര്‍ നിയമം എടുത്തുകളയേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. കാരണം ഇത് ഓള്‍റൗണ്ടര്‍മാരെ കൂടുതല്‍ പന്തെറിയാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഓള്‍റൗണ്ടര്‍മാരുടെ അഭാവം ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്.ഇംപാക്റ്റ് പ്ലെയര്‍ നിയമം ഓള്‍റൗണ്ടര്‍മാര്‍ക്ക് നല്ലതല്ല.

നേരത്തെ, പ്ലെയിംഗ് ഇലവനില്‍ ഫ്രാഞ്ചൈസികള്‍ ഒരു ഓള്‍റൗണ്ടറെയെങ്കിലും ഉള്‍പ്പെടുത്തിയിരുന്നു. കൂടുതല്‍ ഓള്‍റൗണ്ടര്‍മാരുടെ ലഭ്യത ടീമിന്റെ ഘടനയ്ക്ക് ഗുണകരമായി. ഇപ്പോള്‍, ടീമുകള്‍ ആറ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ക്കും അഞ്ച് ബൗളര്‍മാര്‍ക്കുമൊപ്പം കളിക്കുകയും ഇംപാക്റ്റ് പ്ലെയര്‍ നിയമമനുസരിച്ച് ഒരു അധിക ബാറ്ററെയോ അല്ലെങ്കില്‍ ബോളറെയോ ഇറക്കുകയും ചെയ്യുന്നു.

ഈ നിയമം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയെ ബാധിക്കുമെന്ന് കരുതുന്നു. ഈ നിയമം അന്താരാഷ്ട്ര ക്രിക്കറ്റിലില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹാര്‍ദിക് പാണ്ഡ്യയുടെ രൂപത്തില്‍ ഒരു ഓള്‍റൗണ്ടറെ മാത്രമേ മെന്‍ ഇന്‍ ബ്ലൂവിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ- ജാഫര്‍ ചൂണ്ടിക്കാണിച്ചു.

ഡിസംബര്‍ 19 ന് നടക്കുന്ന ഐപിഎല്‍ 2024 ലേലത്തില്‍ ഇംപാക്റ്റ് പ്ലെയര്‍ നിയമത്തിന്റെ സ്വാധീനം കാണാന്‍ സാധ്യതയുണ്ട്. പുതിയ രീതി വരുമ്പോള്‍ ഫ്രാഞ്ചൈസികള്‍ ഓള്‍റാണ്ടര്‍മാരെ വിട്ട് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ക്കും ബോളര്‍മാര്‍ക്കും കൂടുതല്‍ ചെലവഴിക്കാന്‍ സാധ്യതയുണ്ട്.