ഐപിഎലില്‍ പണമിറക്കാന്‍ സൗദി?, റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ബിസിസിഐ

ഐപിഎലില്‍ വന്‍ നിക്ഷേപത്തിന് സൗദി അറേബ്യ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ബിസിസഐ ഒരു സൊസൈറ്റിയാണെന്നും പുറത്തു നിന്നുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കാനാവില്ലെന്നും റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.

അടുത്തിടെ സൗദി അറേബ്യ ഐപിഎല്ലില്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം നടത്തുന്നുവെന്ന് സൂചിപ്പിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഗള്‍ഫ് രാഷ്ട്രം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 5 ബില്യണ്‍ ഡോളര്‍ മുതല്‍  30 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കാനും മറ്റ് രാജ്യങ്ങളിലേക്ക് ലീഗ് വ്യാപിപ്പിക്കാന്‍ സഹായിക്കാനും ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടു.

ഐപിഎല്‍ ബിസിസിഐക്ക് സാമ്പത്തികമായി വളരെയധികം നേട്ടമുണ്ടാക്കിയിട്ടുണ്ട്. ലീഗ് എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ലോകത്തിലെ ഏറ്റവും സമ്പന്നമായ കായിക ലീഗുകളിലൊന്നായി മാറി. ബിസിസിഐ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് സ്ഥാപനമാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഈ ടൂര്‍ണമെന്റ്.

വര്‍ഷങ്ങളായി ഐപിഎല്ലിന്റെ ബ്രാന്‍ഡ് മൂല്യം അതിവേഗം വര്‍ദ്ധിക്കുകയും NBA, NFL, NHL തുടങ്ങിയ മറ്റ് കായിക ലീഗുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനേക്കാള്‍ (ഇപിഎല്‍) കൂടുതല്‍ വരുമാനം ലീഗ് ഉണ്ടാക്കുന്നുവെന്ന് അടുത്തിടെ പുറത്തുവന്നിരുന്നു. അത് വലിയ നേട്ടമാണ്.

Read more

സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേഷ്ടാക്കള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ഇതേക്കുറിച്ച് സംസാരിച്ചതായി റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. എന്നാല്‍ അതിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍നിന്ന് ഇതേക്കുറിച്ച് ഒരു പ്രസ്താവനയും ഇതുവരെ ഉണ്ടായിരുന്നില്ല. ഇതിനിപ്പോള്‍ അവസാനം കുറിച്ചിരിക്കുകയാണ് ജയ് ഷായുടെ പ്രസ്താവന.