ഗാംഗുലിക്കും ദ്രാവിഡിനും എതിരായ ആരോപണം; സാഹയ്ക്ക് ബി.സി.സി.ഐയുടെ പണി വരുന്നു

ശ്രീലങ്കന്‍ ടീം പര്യടനത്തില്‍ നിന്ന് തഴയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ ആരോപണങ്ങളില്‍ ഉന്നയിച്ച വൃദ്ധിമാന്‍ സാഹയ്‌ക്കെതിരെ ബിസിസിഐ. സംഭവിദത്തില്‍ സാഹയോട് ബിസിസിഐ വിശദീകരണം തേടുമെന്നാണ് വിവരം.

ബിസിസിഐയുമായി കോണ്‍ട്രാക്ടിലുള്ള താരങ്ങള്‍ ടീമിനെതിരെയോ അധികൃതര്‍ക്കെതിരെയോ പരസ്യ പ്രസ്ഥാവനകള്‍ നടത്തരുതെന്നാണ് നിയമം. ഇതാണ് സാഹ തെറ്റിച്ചിരിക്കുന്നത്. ബിസിസിഐയുടെ കോണ്‍ട്രാക്ട് ലിസ്റ്റില്‍ ബി ഗ്രൂപ്പിലുള്ള സാഹ മൂന്നു കോടി രൂപ വാര്‍ഷിക വരുമാന ഇനത്തില്‍ കൈപ്പറ്റുന്ന താരമാണ്. സാഹയുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ വിലക്ക് അടക്കമുള്ള നേരിടേണ്ടി വന്നേക്കും.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് ടീമില്‍ സ്ഥാനം ലഭിക്കാത്തതിന്റെ നിരാശയിലാണ് സാഹ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെതിരെയും രംഗത്ത് വന്നത്.

സാഹയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ.. ‘മുന്നോട്ട് എന്നെ പരിഗണിക്കില്ലെന്ന നിലപാടാണ് ടീം മാനേജ്മെന്റ് സ്വീകരിച്ചത്. ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നതിനാലാണ് ഇതുവരെ തുറന്ന് പറയാതിരുന്നത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ എന്നോട് വിരമിക്കാന്‍ നിര്‍ദേശിച്ചിരുന്നു.’

കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം അനിവാര്യമാണെങ്കിലും ഏകപക്ഷീയമായി സീനിയര്‍ താരത്തോട് വിരമിക്കാന്‍ ആവശ്യപ്പെടുന്നത് കായിക താരത്തിന്റെ മാനസിക വീര്യത്തെ കെടുത്തുമെന്നുറപ്പാണ്. ടീം മാനേജ്മെന്റില്‍ നിന്ന് പിന്തുണ പ്രതീക്ഷിക്കുമ്പോള്‍ അത് ലഭിക്കുന്നില്ല.’

‘ന്യൂസീലന്‍ഡിനെതിരായ കാണ്‍പൂര്‍ ടെസ്റ്റില്‍ വേദന സംഹാരി കഴിച്ചാണ് ഇറങ്ങിയത്. പുറത്താവാതെ 61 റണ്‍സും നേടി. ബംഗാള്‍ ടീമിന്റെ വാട്സപ്പ് ഗ്രൂപ്പില്‍ സൗരവ് ഗാംഗുലി അന്ന് എന്നെ പ്രശംസിച്ച് സന്ദേശം അയച്ചിരുന്നു. നീണ്ടനാളത്തേക്ക് ബിസിസിഐയുടെ പിന്തുണ ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.’

‘ബോര്‍ഡ് പ്രസിഡന്റിന്റെ അത്തരമൊരു സന്ദേശം എനിക്ക് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. എന്നാല്‍ കാര്യങ്ങളെല്ലാം വളരെ വേഗം മാറിമറിഞ്ഞത് ഞാനറിഞ്ഞില്ല’ സാഹ പറഞ്ഞു.