ബി.സി.സി.ഐ നെട്ടോട്ടത്തില്‍, കരീബിയന്‍ പ്രീമിയര്‍ ലീഗിലും കൈകടത്തി

ഐ.പി.എല്‍ 14ാം സീസണിനെ ബാക്കി മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നെട്ടോട്ടമോടി ബി.സി.സി.ഐ. ഇതിന്റെ ഭാഗമായി ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20 ഒരാഴ്ച മുന്‍പെങ്കിലും ആരംഭിക്കണമെന്ന ആവശ്യവുമായി ബി.സി.സി.ഐ ക്രിക്കറ്റ് വെസ്റ്റിന്‍ഡീസിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.

ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 19 വരെയാണ് ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഐ.പി.എല്ലിന്റെ രണ്ടാം പാദമാകട്ടെ സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 10 വരെ നടത്താനാണ് പദ്ധതി. കരീബിയന്‍ പ്രീമിയര്‍ ലീഗ് നിലവില്‍ നിശ്ചയിച്ച പ്രകാരം നടന്നാല്‍ ഐ.പി.എല്‍ കരാറുള്ള താരങ്ങള്‍ക്ക് ഐ.പി.എല്‍ രണ്ടാം പാദത്തിന്റെ ആദ്യ ആഴ്ചയിലെ മത്സരങ്ങള്‍ നഷ്ടമാകും.

നിലവില്‍ നിശ്ചയിച്ചിരിക്കുന്നതിലും ഒരാഴ്ച മുന്‍പെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ചാല്‍ അവിടെ നിന്നുള്ള ഐപിഎല്‍ താരങ്ങളെ അനായാസം ബബിള്‍ ടു ബബിള്‍ ട്രാന്‍സ്ഫര്‍ നടത്തി യു.എ.ഇ യിലേക്ക് എത്തിക്കാമെന്നാണ് ബി.സി.സി.ഐയുടെ കണക്കുകൂട്ടല്‍.

33 മത്സരങ്ങളാണ് കരീബിയന്‍ പ്രീമിയര്‍ ലീഗിലുള്ളത്. സെയിന്റ് കിറ്റ്‌സ് & നെവിസിലേക്ക് വാര്‍ണര്‍ പാര്‍ക്കിലാവും മത്സരങ്ങള്‍ നടക്കുക. ഐ.പി.എല്ലില്‍ 29 മല്‍സരങ്ങളാണ് ഈ സീസണില്‍ പൂര്‍ത്തിയായിട്ടുള്ളത്. 31 മല്‍സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്.