ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അറിയിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഫോംഔട്ട് ആയിരുന്ന രോഹിത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരീസിന് മുന്‍പായാണ് ഈ ഫോര്‍മാറ്റില്‍ കളി മതിയാക്കിയത്. കുറെ നാളുകളായി മോശം ബാറ്റിങ്ങിന്റെ പേരില്‍ വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് താരത്തിന് നേരെ വന്നിരുന്നത്. അതേസമയം രോഹിതിന്റെ വിരമിക്കലിന് പിന്നാലെ മറ്റു സീനിയര്‍ താരങ്ങളുടെ ഭാവി ഇനി എന്തായിരിക്കും എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ടെസ്റ്റിലെ വിരാട് കോഹ്ലിയുടെ ഫോമിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ഒരു സെഞ്ച്വറി നേടിയതൊഴിച്ചാല്‍ കാര്യമായ പ്രകടനങ്ങളൊന്നും താരത്തില്‍ നിന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ഒമ്പത് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 190 റണ്‍സാണ് കോഹ്ലി നേടിയത്. 23.75 ആണ് ബാറ്റിങ് ശരാശരി. ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ക്കെതിരെ നാട്ടില്‍ നടന്ന പരമ്പരകളിലും കാര്യമായ പ്രകടനങ്ങള്‍ കോഹ്ലിയില്‍ നിന്നുണ്ടായിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ബാറ്റിങ്ങില്‍ മികവ് തെളിയിക്കാന്‍ കോഹ്ലിക്ക് ഒരു അവസാന അവസരം കൂടി ബിസിസിഐ നല്‍കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇനിയും ഫോംഔട്ടാവുകയാണെങ്കില്‍ ഉടന്‍ വിരമിക്കാന്‍ താരത്തെ ബിസിസിഐ നിര്‍ബന്ധിച്ചേക്കും. രോഹിതിന് പിന്നാലെ മറ്റ് സീനിയര്‍ താരങ്ങളും കൂടി വിരമിക്കുകയാണെങ്കില്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് ടെസ്റ്റില്‍ അവസരം ലഭിച്ചേക്കും. രോഹിതിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ജസ്പ്രീത് ബുംറയുടെ പേരാണ് ആദ്യം പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ അതേസമയം തന്നെ ബുംറയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് തുടങ്ങിയവരും ക്യാപ്റ്റനാവാനുളള സാധ്യത പട്ടികയിലുണ്ട്.