ടീമിലെ മോശം അന്തരീഷം; അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് വിന്‍ഡീസ് ഓള്‍റൗണ്ടര്‍

വിന്‍ഡീസ് വനിത ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ ദിയേന്ദ്ര ഡോട്ടിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്ട്രേലിയയ്ക്കെതിരെ ബാര്‍ബഡോസ് ഒമ്പത് വിക്കറ്റ് തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം വന്നത്. മത്സരത്തില്‍, 22 പന്തില്‍ 8 റണ്‍സ് നേടിയ താരം ഒരോവര്‍ എറിഞ്ഞ് 25 റണ്‍സും വഴങ്ങിയിരുന്നു.

ടീമിലെ ഇപ്പോഴത്തെ അന്തരീക്ഷവും സംസ്‌കാരവും എന്റെ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള കഴിവിനെ കുറയ്ക്കുന്നുണ്ട്. അതുകൊണ്ട് അത്യധികം സങ്കടത്തോടെയും എന്നാല്‍ ഒട്ടും കുറ്റബോധമില്ലാതെയും ഞാന്‍ ഈ തീരുമാനം എടുക്കുന്നതെന്ന് ഡോട്ടിന്‍ വിരമിക്കല്‍ അറിയിച്ചുള്ള ട്വീറ്റില്‍ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനായി 146 ഏകദിനങ്ങളിലും 126 ടി-20കളിലും കളിച്ചിട്ടുള്ള ഡോട്ടിന്‍ വിന്‍ഡീസ് കണ്ട ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ്. ഏകദിനത്തില്‍ 72 വിക്കറ്റും ടി-20യില്‍ 62 വിക്കറ്റും നേടിയിട്ടുള്ള താരം യഥാക്രമം 3727, 2697 റണ്‍സും നേടിയിട്ടുണ്ട്.