കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടേറ്റ തോല്‍വിയോടെ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരമായിരുന്നിട്ട് പോലും 14 റണ്‍സിനാണ് ഇന്നലെ കെകെആറിനോട് ഡല്‍ഹി തോറ്റത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി നിശ്ചിത ഓവറില്‍ 190 റണ്‍സ് എടുക്കാനേ ഡല്‍ഹിക്ക് സാധിച്ചുളളൂ. ഡല്‍ഹിക്കായി 62 റണ്‍സെടുത്ത ഫാഫ് ഡുപ്ലസിസാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. കരുണ്‍ നായരും, കെഎല്‍ രാഹുലുമെല്ലാം ആദ്യമേ പുറത്തായ മത്സരത്തില്‍ നായകന്‍ അക്‌സര്‍ പട്ടേല്‍ (43), വിപ്രജ് നിഗം (38) തുടങ്ങിയവരാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്.
കൊല്‍ക്കത്തയ്‌ക്കെതിരെ തങ്ങളുടെ ബോളിങ് മോശമായിരുന്നുവെന്ന് നായകന്‍ അക്‌സര്‍ പട്ടേല്‍ തുറന്നുപറഞ്ഞിരുന്നു. പോസ്റ്റ് മാച്ച് പ്രസന്റേഷനിലാണ് ഡല്‍ഹി ബോളര്‍മാര്‍ക്കെതിരെ അക്‌സര്‍ തുറന്നടിച്ചത്. “ഇവിടത്തെ വിക്കറ്റിന് അനുസരിച്ചല്ല ബോളര്‍മാര്‍ പന്തെറിഞ്ഞത്. പവര്‍പ്ലേ ഓവറുകളില്‍ 15-20 റണ്‍സ് വരെ ഞങ്ങള്‍ അധികമായി വിട്ടുനില്‍കി. കൂടാതെ മൃദുവായ രീതിയില്‍ ഞങ്ങള്‍ക്ക് കുറച്ചു വിക്കറ്റുകളും നഷ്ടപ്പെട്ടു”, അക്‌സര്‍ പറഞ്ഞു.
Read more
പവര്‍പ്ലേയിലെ ഒരു ഓവറില്‍ 25 റണ്‍സാണ് ഡല്‍ഹി ബോളര്‍ ദുഷ്മന്ത ചമീര വഴങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കും 14, 15 റണ്‍സ് തന്റെ അടുത്തടുത്ത ഓവറുകളില്‍ വിട്ടുനല്‍കി. മത്സരത്തിലെ പോസിറ്റീവ് പവര്‍പ്ലേയ്ക്ക് ശേഷം കൊല്‍ക്കത്തയെ ഞങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ സാധിച്ചു എന്നതാണെന്നും അക്‌സര്‍ പറഞ്ഞു. “ബാറ്റര്‍മാരില്‍ കുറച്ചുപേര്‍ പരാജയപ്പെട്ടെങ്കിലും ഞങ്ങളില്‍ രണ്ട് മൂന്ന് പേര്‍ ബാറ്റിങ്ങില്‍ സംഭാവന നല്‍കി. വിപ്രജ് ബാറ്റ് ചെയ്യുമ്പോള്‍ ടീമിന് പ്രതീക്ഷയുണ്ടായിരുന്നു. അശുതോഷും ക്രീസിലുണ്ടായിരുന്നെങ്കില്‍ ആദ്യ മത്സരത്തിലേത് പോലെ വിജയം ഞങ്ങള്‍ക്കൊപ്പമാകുമായിരുന്നു, അക്‌സര്‍ പട്ടേല്‍ വ്യക്തമാക്കി.