ലങ്കയെ കടത്തി വെട്ടി ഓസ്‌ട്രേലിയ; കുതിപ്പ് ആഷസ് ജയത്തിന്റെ ബലത്തില്‍

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്കു കയറി ഓസ്‌ട്രേലിയ. മെല്‍ബണില്‍ ഇംഗ്ലണ്ടിനെ ആധികാരികമായി കീഴടക്കിയ കംഗാരുപ്പട ഏഷ്യന്‍ പ്രതിനിധികളായ ശ്രീലങ്കയെയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ആഷസ് പരമ്പര ഓസീസ് നിലനിര്‍ത്തിയിരുന്നു.

ആഷസിലെ ആദ്യ മൂന്ന് ടെസ്റ്റുകളും ജയിച്ചതോടെ 100 ശതമാനം പോയിന്റും ഓസ്‌ട്രേലിയ പോക്കറ്റിലാക്കി. 36 പോയിന്റ് ഇപ്പോള്‍ ഓസീസിന്റെ അക്കൗണ്ടിലുണ്ട്. ശ്രീലങ്കയുടെ പോയിന്റ് ശരാശരിയും നൂറ് ശതമാനമാണ്. എന്നാല്‍ അവര്‍ക്ക് 24 പോയിന്റുകളേയുള്ളൂ.

Read more

പാകിസ്ഥാനാണ് മൂന്നാം സ്ഥാനത്ത്. അവര്‍ക്ക് 36 പോയിന്റുകളുണ്ട്; ശരാശരി 76 ശതമാനം. നാല് ടെസ്റ്റുകളിച്ച പാക് ടീം മൂന്നില്‍ ജയിച്ചെങ്കിലും ഒരെണ്ണത്തില്‍ തോല്‍വി വഴങ്ങിയിരുന്നു. നാലാം സ്ഥാനത്തുള്ള ഇന്ത്യയുടെ പോയിന്റ് ശരാശരി 58.33 ശതമാനമാണ്. ആറു ടെസ്റ്റുകളില്‍ നിന്ന് മൂന്ന് ജയവും രണ്ടു സമനിലയും ഒരു തോല്‍വിയുമായി 42 പോയിന്റ് ഇന്ത്യയുടെ സമ്പാദ്യം.