'ധോണിയെ കൊണ്ടുവന്നത് അവരെ പിടിച്ചുകെട്ടാന്‍ തന്നെ', തുറന്ന്പറഞ്ഞ് അതുല്‍ വാസന്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോഹ്ലിക്കും രവി ശാസ്ത്രിക്കുമുണ്ടായിരുന്ന ആധിപത്യത്തിന് തടയിടാനാണ് ടി20 ലോക കപ്പ് കാലത്ത് എം.എസ്. ധോണിയെ മാര്‍ഗനിര്‍ദേശകനായി കൊണ്ടുവന്നതെന്ന് മുന്‍ പേസര്‍ അതുല്‍ വാസന്‍. ഇന്ത്യന്‍ ടീമില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കാനാണ് ബിസിസിഐ ഇതിലൂടെ ശ്രമിച്ചതെന്നും വാസന്‍ വ്യക്തമാക്കി. ട്വന്റി20 ലോക കപ്പിനുശേഷം കോഹ്ലി ക്യാപ്റ്റന്‍സിയും ശാസ്ത്രി കോച്ച് സ്ഥാനവും ഒഴിഞ്ഞിരുന്നു.

ഇന്ത്യന്‍ ടീമിന്റെ ബാലന്‍സ് നിലനിര്‍ത്താനാണ് മുന്‍ ക്യാപ്റ്റനായ ധോണിയെ ഉപദേശകന്റെ റോളില്‍ കൊണ്ടുവന്നത്. ടീമിന്റെ കാര്യത്തില്‍ കോഹ്ലിയും ശാസ്ത്രിയും തന്നിഷ്ടപ്രകാരം തീരുമാനം എടുക്കുന്നതായി എല്ലാവര്‍ക്കും തോന്നിയിരുന്നു. കളിപ്പിക്കാന്‍ താത്പര്യപ്പെടുന്ന താരങ്ങളെ തിരഞ്ഞെടുക്കുന്നതും നിയന്ത്രിക്കുന്നതുമെല്ലാം അവര്‍ രണ്ടുപേരുമാണെന്ന ധാരണ ടീമില്‍ നിലനിന്നു- അതുല്‍ വാസന്‍ പറഞ്ഞു.

കോഹ്ലിയും ശാസ്ത്രിയുമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിച്ചിരുന്നത്. അതിനാല്‍ അല്‍പ്പം മതിപ്പുള്ള ആരെങ്കിലും ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച തീരുമാനങ്ങള്‍ മേല്‍നോട്ടം വഹിക്കാന്‍ വരണമെന്ന് ബിസിസിഐക്ക് തോന്നി. ലോക കപ്പില്‍ അതു വലിയ തിരിച്ചടിയായെന്ന് താന്‍ കരുതുന്നതായും വാസന്‍ കൂട്ടിച്ചേര്‍ത്തു.