ഏഷ്യാ കപ്പ് ശ്രീലങ്കയിലേക്ക് മാറ്റിയാല്‍ ബഹിഷ്‌കരിക്കും; തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

2023 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ശ്രീലങ്കയിലേക്ക് മാറ്റിയാല്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. നേരത്തെ ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ വെച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പാകിസ്ഥാനിലേക്ക് ഇന്ത്യ വരില്ലെന്ന് അറിയിച്ചതോടെ മറ്റ് രാഷ്ട്രങ്ങളുടെ പിന്തുണയോടെ ടൂര്‍ണമെന്റ് പാകിസ്ഥാനില്‍നിന്ന് ശ്രീലങ്കയിലേക്ക് മാറ്റുവാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.

പാകിസ്ഥാനില്‍ ടൂര്‍ണമെന്റ് നടത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പകരം യു.എ.ഇ വേദിയാക്കണമെന്ന് പിസിബി (പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്) ചെയര്‍മാന്‍ നജാം സെയ്ത്ത് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിച്ചു. മറ്റൊരു വേദിയും അംഗീകരിക്കില്ലെന്നും പിസിബി ചെയര്‍മാന്‍ വ്യക്തമാക്കി.

ടൂര്‍ണമെന്റ് കളിക്കാന്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാത്തതും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതോടെ പ്രശ്‌നങ്ങള്‍ തലപൊക്കുകയായിരുന്നു.

പിന്നാലെ, പ്രശ്‌നങ്ങള്‍ മുറുകുമ്പോള്‍ ടൂര്‍ണെമന്റ് പാകിസ്ഥാനില്‍ നിന്ന് മാറ്റാനുള്ള നീക്കത്തില്‍ ശ്രീലങ്കയും ബംഗ്ലാദേശും ബിസിസിഐക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് കനത്ത തിരിച്ചടി നേരിട്ടത്.