ഏഷ്യാ കപ്പ്: ആ താരത്തെ മാറ്റി സഞ്ജുവിനെ ഉള്‍പ്പെടുത്തണം; ആവശ്യവുമായി പാക് താരം

ഏഷ്യാ കപ്പ് ടീമില്‍നിന്ന് മലയാളി താരം സഞ്ജു സാംസണിനെ തഴഞ്ഞ സെലക്ടര്‍മരുടെ നടപടിയെ വിമര്‍ശിച്ച് പാക് മുന്‍ താരം ഡാനിഷ് കനേരിയ. കെഎല്‍ രാഹുലിനെ മാറ്റി സഞ്ജുവിന് അവസരം നല്‍കണമായിരുന്നെന്ന് കനേരിയ പറഞ്ഞു.

സഞ്ജു സാംസണിനോടു ഇന്ത്യ കാണിച്ചിരിക്കുന്നത് കടുത്ത അനീതി തന്നെയാണ്. കെഎല്‍ രാഹുലിന് ഇന്ത്യ വീണ്ടും അവസരം നല്‍കുന്നുണ്ടെങ്കില്‍ സഞ്ജുവും ഏഷ്യാ കപ്പിനുള്ള 17 അംഗ ടീമില്‍ വേണമായിരുന്നു. രാഹുലിനെ റിസര്‍വ് താരമാക്കുകയും ചെയ്യാമായിരുന്നു.

പക്ഷെ ഇന്ത്യ നേരെ തിരിച്ചാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഒരു പക്ഷെ രാഹുല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ പേരായതിനാല്‍ ആയിരിക്കാം അദ്ദേഹത്തിനെ ഒഴിവാക്കാതിരുന്നത്. ഏഷ്യാ കപ്പ് ടീമില്‍ നിന്നൊഴിവാക്കപ്പെട്ടതോടെ സഞ്ജു സാംസണിനു ഒരിക്കല്‍ക്കൂടി ടീമംഗങ്ങള്‍ക്കു കുടിവെള്ളവുമായി ഗ്രൗണ്ടിലേക്കു വരേണ്ടി വരും.

സഞ്ജുവിന് മതിയായ അവസരങ്ങള്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. അവ ഇരു കൈകളും കൊണ്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. ടീമില്‍ നിലനിര്‍ത്തപ്പെടണമെങ്കില്‍ നിങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യേണ്ടതുണ്ട്- കനേരിയ പറഞ്ഞു.