ASIA CUP 2025: വീണ്ടും വിവാദ കുരുക്കിൽ പാകിസ്ഥാൻ; ചെയ്തത് മോശമായ പ്രവർത്തിയെന്ന് ആരാധകർ

ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യക്കെതിരെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് പാകിസ്ഥാൻ. 7 വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയത്. എന്നാൽ മത്സരശേഷം ഇന്ത്യൻ താരങ്ങൾ പാകിസ്താനുമായി ഹസ്തദാനം ചെയ്യാത്തതിൽ വൻ വിമർശനത്തിന് വഴിയൊരുക്കി.

കൂടാതെ മത്സരത്തിൽ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ പുറത്താക്കണമെന്ന പിസിബിയുടെ ആവശ്യം ഐസിസി തള്ളിയിരുന്നു. മത്സരത്തിന്റെ ടോസ് സമയത്ത് പാകിസ്താന്‍ നായകന് ഹസ്തദാനം നല്‍കരുതെന്ന് ഇന്ത്യന്‍ ക്യാപ്റ്റനോട് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പറഞ്ഞിരുന്നുവെന്ന് പിസിബി ആരോപിച്ചു. അതുപ്രകാരമാണ് സൂര്യകുമാര്‍ യാദവ് ഹസ്തദാനം ഒഴിവാക്കിയതെന്നാണ് പിസിബിയുടെ വാദം.

എന്നാല്‍ റഫറി തെറ്റുകാരനല്ലെന്ന് ഐസിസി അറിയിച്ചു. പിന്നാലെ യുഎഇക്കെതിരെയുള്ള അടുത്ത മത്സരത്തില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്‍ വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍ ഏഷ്യ കപ്പ് ബഹിഷ്‌കരിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഐസിസി അറിയിച്ചു. ഇതോടെ മത്സരം ബഹിഷ്കരിക്കുന്നതിൽ നിന്ന് പിസിബി പിന്മാറി.

Read more

എന്നാൽ യുഎഇക്കെതിരെ ഇന്ന് നടക്കാനിരിക്കുന്ന നിര്‍ണായക ഗ്രൂപ്പ് എ മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന പത്രസമ്മേളനം പാകിസ്ഥാൻ റദ്ദാക്കി. ഇതോടെ വീണ്ടും വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് ടീം.