2025 ലെ ഏഷ്യാ കപ്പ് നേടാനുള്ള സാധ്യത ഇന്ത്യയ്ക്ക് ഇപ്പോഴും ഉണ്ടെങ്കിലും, ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ പാകിസ്ഥാന് ഇപ്പോഴും തിരിച്ചടി നൽകാനുള്ള സാധ്യതയുണ്ടെന്ന് പാകിസ്ഥാന്റെ ഇതിഹാസ പേസർ വസീം അക്രം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചതോടെ, നടന്നുകൊണ്ടിരിക്കുന്ന ടൂർണമെന്റിൽ ഇത് മൂന്നാം തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.
ഇന്ത്യയുടെ ആധിപത്യത്തെ അക്രം അംഗീകരിച്ചെങ്കിലും ടി20 ക്രിക്കറ്റിന്റെ പ്രവചനാതീതതയെ അദ്ദേഹം ഊന്നിപ്പറഞ്ഞു. “ഞായറാഴ്ച പാകിസ്ഥാന്റെ ബോളിംഗും മുന്നിലെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നോക്കൂ, ഇത് ഇന്ത്യ-പാകിസ്ഥാൻ മത്സരമാണ്. ഞായറാഴ്ച ഇന്ത്യ തീർച്ചയായും ഫേവറിറ്റ് ആണ്.
“പക്ഷേ നിങ്ങൾ കണ്ടിട്ടുണ്ട്, ക്രിക്കറ്റ് പ്രേമികൾ കണ്ടിട്ടുണ്ട്, ഞാൻ കണ്ടിട്ടുണ്ട്, ഈ ഫോർമാറ്റിൽ എന്തും സംഭവിക്കാം. ഒരു നല്ല ഇന്നിംഗ്സ്, ഒരു സ്പെൽ എന്നിവയ്ക്ക് കളിയുടെ ഗതി മാറ്റാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.
സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരായ വിജയത്തിന്റെ കരുത്ത് പാകിസ്ഥാന് പ്രതീക്ഷ നല്കുന്നുണ്ട്. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫിനുമൊപ്പം സെയ്ം അയൂബിന്റെ രണ്ട് വിക്കറ്റു നേട്ടവും പാകിസ്ഥാന് 11 റൺസിന്റെ വിജയം നേടികൊടുത്തു.







