Asia Cup 2025: “അവർ ഞങ്ങളുടെ നേർക്ക് വരുകയായിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടില്ല”; മാച്ച് വിന്നിം​ഗ് പ്രകടനത്തിന് പിന്നിലെ വികാരം വെളിപ്പെടുത്തി അഭിഷേക് ശർമ്മ

ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ ഫോർ മത്സരത്തിനിടെ അഭിഷേക് ശർമ്മയും ശുഭ്മാൻ ഗില്ലും ഷഹീൻ അഫ്രീദിയുമായും ഹാരിസ് റൗഫുമായും വാക്കുതർക്കം ഉണ്ടായി. സാഹചര്യം നിയന്ത്രിക്കാൻ അമ്പയർമാർ ഇടപെട്ട് കളിക്കാരെ വേർപെടുത്തി. 74 റൺസ് നേടിയതിന് പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട അഭിഷേക്, പാക് ബോളർമാരെ കടന്നാക്രമിക്കുന്ന കാഴ്ചയാണ് കാണാനായത്. 39 പന്തിൽ 6 ഫോറുകളും 5 സിക്സറുകളും നേടിയ താരം, 18.5 ഓവറിൽ 172 റൺസ് എന്ന വിജയലക്ഷ്യം പൂർത്തിയാക്കാൻ ഇന്ത്യയെ സഹായിച്ചു. മത്സരത്തിൽ 47 റൺസ് നേടിയ ശുഭ്മാൻ ഗില്ലുമായി ചേർന്ന് അദ്ദേഹം 105 റൺസ് കൂട്ടിച്ചേർത്തു.

“എന്റെ പദ്ധതികൾ ലളിതമായിരുന്നു. അവർ ഞങ്ങളുടെ നേരെ വരുകയായിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടില്ല. അവർക്ക് തിരിച്ചടി നൽകാൻ ഞാൻ ആഗ്രഹിച്ചു,” അഭിഷേക് ശർമ്മ പറഞ്ഞു. വൈസ് ക്യാപ്റ്റൻ ഗില്ലുമായുള്ള മാച്ച് വിന്നിംഗ് കൂട്ടുകെട്ടിനെക്കുറിച്ചും യുവ ബാറ്റർ സംസാരിച്ചു.

“സ്കൂൾ കാലം മുതൽ ഞങ്ങൾ ഒരുമിച്ച് കളിക്കുന്നുണ്ട്, പരസ്പരം ബാറ്റ് ചെയ്യുന്നത് ആസ്വദിക്കുന്നു. അദ്ദേഹം അത് തിരികെ നൽകുകയായിരുന്നു, മറുവശത്ത് നിന്ന് ഞാൻ അത് ആസ്വദിക്കുകയായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ വിജയത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം ഹെഡ് കോച്ച് ഗൗതം ഗംഭീറിനെയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും പ്രശംസിച്ചു.

Read more

“ക്യാപ്റ്റൻ, പരിശീലകൻ, സഹതാരങ്ങൾ എന്നിവരിൽ നിന്ന് എനിക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. എന്റെ ദിവസമാണെങ്കിൽ, ടീമിനായി ഞാൻ കളി ജയിപ്പിക്കും,” അദ്ദേഹം പറഞ്ഞു.