കരയില്‍ പിടിചിട്ട മത്സ്യത്തിന്‍റെ പിടച്ചില്‍, ഇനിയും സ്റ്റേബിളാകാത്തൊരു മധ്യനിരയില്‍നിന്നും ഇത്തരം പ്രകടനങ്ങള്‍ ദിനവും പ്രതീക്ഷിക്കാനാവില്ല

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍, മരുഭൂമിയിലെ മഴപോലെ വല്ലപ്പോഴും സംഭവിക്കാറുള്ള ഇന്ത്യ പാകിസ്ഥാന്‍ മത്സരങ്ങള്‍, മത്സരത്തിന് മുന്‍പുള്ള ഹൈപ്പിനോട് നീതിപുലര്‍ത്താത്ത വിധം തീര്‍ത്തും ഏകപക്ഷികവും വിരസവുമായി മാറിയിരുന്നു. അനുദിനം ശക്തിക്ഷയം സംഭവിച്ചികൊണ്ടിരുന്ന പാകിസ്ഥാന്‍ ടീമായിരുന്നു, മുഹമ്മദ് ആമിറിന്റെ തീപാറുന്ന ഒന്ന് രണ്ട് സ്‌പെല്ലുകള്‍ക്കപ്പുറം ഓര്‍ക്കാനൊന്നുമില്ലാത്ത വിധം ഇന്ത്യ പാക് പോരാട്ടങ്ങളെ വിരസമാക്കി മാറ്റിയിരുന്നത്.

അവിടെയ്ക്കാണ്, രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ദുബായിലെ ആ കറുത്ത രാത്രിയില്‍, രോഹിത് ശര്‍മ്മയുടെ കണങ്കാലു തകര്‍ത്തുകൊണ്ട്, കെ എല്‍ രാഹുലിന്റെ സ്റ്റമ്പുകളില്‍ ഉരുള്‍ പൊട്ടലുകള്‍ സൃഷ്ടിച്ചുകൊണ്ട്, ഷഹീന്‍ ഷാ അഫ്രീദിയെന്ന ഇടംകയ്യന്‍ പേസറുടെ ചോരമണമുള്ള രണ്ട് ഇന്‍സ്വിങ്ങറുകള്‍ എത്തുന്നത്. അഫ്രീദിക്ക് കൂട്ടായി നസീം ഷായും, ഹാരീഷ് റൗഫും എത്തുന്നത്തോടെ ഇന്ത്യ പാക് പോരാട്ടങ്ങളുടെ സമവാക്യങ്ങള്‍ പൊടുന്നനെ മാറിമറിയുകയാണ്.

പാകിസ്താനുമായുള്ള ഏഷ്യ കപ്പ് മല്‍സരത്തിന് മുന്‍പുള്ള പത്രസമ്മേളനത്തില്‍, ‘ഞങ്ങള്‍ക്ക് നെറ്റ്‌സില്‍ പന്ത് എറിഞ്ഞു തരാന്‍ ഷഹീന്‍ ഷാ അഫ്രീദിയില്ലല്ലോ ‘ എന്ന രോഹിത് ശര്‍മ്മയുടെ സ്റ്റേറ്റ്‌മെന്റിനെ, 2021 ന് ശേഷം രോഹിത് ആറുതവണയും, വിരാട് കോഹ്ലി നാലു തവണയുമാണ് ഇടം കയ്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങുന്നത് എന്ന വസ്തുതയോട് ചേര്‍ത്തു വായിക്കേണ്ടതാണ്.

അഫ്രീദിയുടെ ഫുള്ളര്‍ ലെങ്ത് ഇന്‍സ്വിങ്ങിങ്ങ് ഡെലിവറികകളെ നേരിടാന്‍ വേണ്ടിയുള്ള മുന്നൊരുക്കത്തോടെയായിരുന്നു രോഹിത് കഴിഞ്ഞ ദിവസമെത്തിയത്. നേരിട്ട ആദ്യ പന്ത് തന്നെയൊരു ഡെഡ്‌ലി യോര്‍ക്കറായി തനിക്കു നേരെ വന്നപ്പോള്‍ അതിനെ സമര്‍ത്ഥമായി പ്രതിരോധിച്ചതും ആ മുന്‍ ഒരുക്കത്തിന്റെ ദൃഷ്ടാന്തമായിരുന്നു.

എന്നാല്‍ റെയിന്‍ ബ്രേക്കിനു ശേഷം, ആഫ്രീദി ഗുഡ് ലെങ്തിലേക്ക് മാറിയപ്പോള്‍ രോഹിത്തിന് മറുപടിയില്ലായിരുന്നു. ബാറ്റിന്റെ ഔട്ട് സൈഡ് എഡ്ജിനെ ചുംബിക്കാന്‍ വിസമ്മതിച്ചു പോയ രണ്ടു എവേ സ്വിങ്ങറുകള്‍ക്ക് ശേഷം, അതെ ലെങ്ത്തില്‍ പിച്ച് ചെയ്ത് ചാട്ടുളി കണക്കെ ഉള്ളിലേക്ക് കയറി വന്ന വെളുത്ത കുക്കുമ്പര, തന്റെ ഓഫ് ആന്‍ഡ് മിഡില്‍ സ്റ്റമ്പുകള്‍ പിളര്‍ക്കുമ്പോള്‍ രോഹിത്ത്തീര്‍ത്തും നിസ്സഹായനായിരുന്നു.

നസീമിനെതിരെ മനോഹരമായൊരു കവര്‍ ഡ്രൈവില്‍ തുടങ്ങിയ കോഹ്ലി, അഫ്രീദിയുടെ ഒരു ഷോര്‍ട് ഓഫ് ദി ലെങ്ത് ഡെലിവറിയെ മിസ്ജഡ്ജ് ചെയ്ത് പ്ലേയേഡ് ഓണ്‍ ആവുകയായിരുന്നു. കോഹ്ലിക്ക് പിന്‍ഗാമിയാകുമെന്ന കരുതപെടുന്ന ഗില്‍, പാക് ക്വാളിറ്റി പേസ് ബൗളിംങ്ങിന് മുന്‍പില്‍ കരയില്‍ പിടിചിട്ട മത്സ്യത്തെപോലെ ശ്വാസത്തിനായി കേഴുകയായിരുന്നു. ഗില്ലിന്റെ ക്ലേശങ്ങള്‍ക്ക് റൗഫിന്റെ 147 കിലോമീറ്റര്‍ വേഗതയുള്ള സീമിങ് ഡെലിവറി അറുതിവരുത്തി.

വൈറ്റ് ബോള്‍ ജയന്റസായ രണ്ടു ലെജന്റ്‌സും, അവരില്‍ നിന്നും അധികാര്ത്തിന്റെ ചെങ്കോലെറ്റുവാങ്ങുന്നവന്‍ എന്ന് പുകള്‍പെറ്റ രാജകുമാരനും അടങ്ങുന്ന ഇന്ത്യന്‍ ടോപ് ത്രീ, ഒന്നൊന്നായി ‘ബൗള്‍ഡ്ഡ്’ ആകുകയായിരുന്നു എന്നത് ആശങ്കയോടെ അടിവരയിട്ട് പറയേണ്ട കാര്യമാണ്.

കിഷനും, പാണ്ഡ്യയും നടത്തിയ പോരാട്ടങ്ങളെ വിസ്മരിക്കുന്നില്ല. എന്നാല്‍, ഇനിയും സ്റ്റേബിള്‍ ആകത്തൊരു മധ്യനിരയില്‍ നിന്നും ഇത്തരം പ്രകടനങ്ങള്‍ ദിനവും പ്രതീക്ഷിക്കാനാവില്ല എന്നത് ഒരു അപ്രീയ സത്യമാണ്. ലോകകപ്പ് സന്നിഗ്ദമായിരിക്കുന്ന വേളയില്‍,പാകിസ്ഥാനുമായി ആദ്യമത്സരത്തില്‍ സുനിശ്ചിതമായും, പിന്നെ നോക്ക്ഔട്ടില്‍ വീണ്ടും ഏറ്റുമുട്ടാനുള്ള സാധ്യതയേറെയുണ്ടെന്നിരിക്കെ, മെല്‍ബണിലെ ‘കോഹ്ലി ബ്രില്ലിയന്‍സിന്റെ’ ഹാങ്ങ് ഓവറില്‍, ‘Virat Kohli will take care of that’ എന്ന ലൂസ് സ്റ്റേറ്റ്‌മെന്റിനപ്പുറം, കൃത്യവും വ്യക്തവുമായ ഉത്തരങ്ങളാണ് ഇരുപത്തി രണ്ടു വാരയില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡിറില്‍ നിന്നും പാക് പേസ് ത്രയത്തിനെതിരെയുണ്ടാവേണ്ടത്.

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍