കൊളംബോയില്‍ മഴക്കളി, ചങ്കിടിച്ച് പാകിസ്ഥാന്‍, ഉള്ളില്‍ ചിരിച്ച് ശ്രീലങ്ക

2023 ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറിലെ ഇന്നത്തെ ശ്രീലങ്ക- പാകിസ്ഥാന്‍ മത്സരം മഴയെ തുടര്‍ന്ന് വൈകുന്നു. മഴയെ തുടര്‍ന്ന് ഇതുവരെ ടോസിടാന്‍ പോലും സാധിച്ചിട്ടില്ല. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവരാകും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. അതിനാല്‍ ഇന്ന് രണ്ട് കൂട്ടര്‍ക്കുമിത് ജീവമരണ പോരാട്ടമാണ്. പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരെ സൂപ്പര്‍ ഫോറില്‍ തോല്‍പ്പിച്ച് ഇന്ത്യ നേരത്തെ ഫൈനലില്‍ കടന്നിരുന്നു.

മത്സരം നടക്കുന്ന കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ഇടിമിന്നലോടു കൂടി ഇടയ്ക്കിടെ മഴ പെയ്യുമെന്നാണു കാലാവസ്ഥാ പ്രവചനം. പകല്‍ മഴ പെയ്യാനുള്ള സാധ്യത 93 ശതമാനമാണ്. വൈകിട്ട് ഇത് 48 ശതമാനമായി കുറയും. ഈ മത്സരത്തിനു റിസര്‍വ് ദിവസമില്ല. മഴ കാരണം കളി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നാല്‍ ഇരുടീമും പോയിന്റ് പങ്കുവയ്ക്കു.

അങ്ങനെ സംഭവിച്ചാല്‍ നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ ശ്രീലങ്ക ഫൈനലിലേക്കു കടക്കും. പാകിസ്ഥാനും ശ്രീലങ്കയ്ക്കും നിലവില്‍ രണ്ടു പോയിന്റ് വീതമാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ലങ്കയുടെ നെറ്റ് റണ്‍റേറ്റ് -0.200 ഉം മൂന്നാമതുള്ള പാകിസ്ഥാന്റേത് -1.892 ഉം ആണ്.

ഇന്ത്യയോട് 228 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയതാണ് പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് ഇത്രയേറെ കുറയാന്‍ കാരണമായത്. സെപ്റ്റംബര്‍ 17ന് കൊളംബോയിലെ ഈ സ്റ്റേഡിയത്തില്‍ തന്നെയാണ് ഫൈനല്‍ പോരാട്ടം.