അശ്വിന്റെ പിന്മാറ്റം, ഇന്ത്യ ഇനി 10 പേരെ വെച്ച് കളിക്കണം; നിയമം ഇങ്ങനെ

ഫാമിലി മെഡിക്കല്‍ എമര്‍ജന്‍സി ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. കുടുംബത്തിലുണ്ടായ മെഡിക്കല്‍ അത്യാഹിതത്തെത്തുടര്‍ന്നാണ് അശ്വിന്റെ പിന്മാറ്റം. അമ്മയ്ക്ക് രോഗംമൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് അശ്വിന്‍ നാട്ടിലേക്ക് മടങ്ങിയതെന്നാണ് വിവരം.

പരിക്കുകളില്ലാതെ കളിക്കാരന്‍ പിന്മാറുന്നതിനാല്‍ ഇന്ത്യക്ക് പകരക്കാരനില്ലാതെ 10 താരങ്ങളെ വെച്ച് ഈ മത്സരം പൂര്‍ത്തിയാക്കേണ്ടി വരും. കാരണം, സബ്സ്റ്റിറ്റിയൂഷന്‍ നിയമ പ്രകാരം ഒരു താരം പരിക്കിനെ തുടര്‍ന്നല്ലാതെ പാതിവഴിയില്‍ ടീം വിട്ടാല്‍ ഉത്തമ പകരക്കാരനെ പരിഗണിക്കാനാവില്ല. ഫീല്‍ഡിംഗിന് മാത്രമാണ് പകരം താരത്തെ ഇറക്കാനാവുക. പകരക്കാരനായി ഇറങ്ങുന്ന താരത്തിന് ബാറ്റോ പന്തോ ചെയ്യാനാവില്ല.

എംസിസി നിയമത്തിലെ 24.1ല്‍ പറയുന്നതനുസരിച്ച് ‘ഒരു താരത്തിന് പരിക്കേല്‍ക്കുകയോ അത്യാവശ്യമായി മത്സരത്തിനിടയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിയോ വരുമ്പോഴാണ് അമ്പയര്‍ക്ക് സബ്സ്റ്റിറ്റിയൂഷന്‍ താരത്തെ പരിഗണിക്കാന്‍ സാധിക്കുക. അല്ലാത്ത സാഹചര്യത്തില്‍ സബസ്റ്റിറ്റിയൂഷനെ അനുവദിക്കുന്നതല്ല. സബ്സ്റ്റിറ്റിയൂഷനായി ഇറങ്ങുന്ന താരത്തിന് നായകനാവാനോ ബാറ്റു ചെയ്യാനോ പന്തെറിയാനോ സാധിക്കില്ല.’

മൂന്നാം ടെസ്റ്റ് ആവേശകരമായ മൂന്നാം ദിനത്തിലേക്ക് കടക്കവെ അശ്വിന്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാവും. രണ്ടാം ദിനം സാക്ക് ക്രോളിയെ പുറത്താക്കി ഇന്ത്യക്കായി 500 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായി മാറാന്‍ അശ്വിന് സാധിച്ചിരുന്നു.