അച്ഛന് വേണ്ടി കലക്കൻ പ്രതികാരം നടത്തി അർജുൻ, അങ്ങനെ ഒരു സാമ്യത കൂടി ഉണ്ടായിരുന്നു ആ വിക്കറ്റിന്; സംഭവം ഇങ്ങനെ

2008 – 2009 രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിൽ ഉത്തർപ്രദേശും മുംബൈയും ഏറ്റുമുട്ടുന്നു. അന്ന് ഒരു 17 കാരൻ പയ്യൻ പതിവിൽ കൂടുതൽ ആത്മവിശ്വത്തോടെ പന്തെറിയാൻ എത്തി. തന്നെ പോലെ ക്രിക്കറ്റ് സ്വപ്നം കണ്ട ഒരുപകൂട്ടം ചെറുപ്പക്കാരുടെ ആരാധനപാത്രാമായ ആളാണ് അപ്പുറത്ത് ബാറ്റ് ചെയ്യാൻ നിൽക്കുന്നത്. ഒട്ടും ആശങ്കയില്ലാതെ അയാൾക്ക് എതിരെ പന്തെറിഞ്ഞ ആ ബോളർ സ്വപ്നം പോലെ ആ വിക്കറ്റ് സ്വന്തമാക്കുന്നു. ബാറ്റ് ചെയ്തത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ പന്തെറിഞ്ഞതോ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്വിംഗ് ബോളറുമാരിൽ ഒരാളായ ഭുവനേശ്വർ കുമാർ.

ആ ഒറ്റ വിക്കറ്റോടെയാണ് ഭുവി പിന്നെ ക്രിക്കറ്റ് ലോകത്ത് വാർത്തയായത്. സച്ചിനെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പൂജ്യത്തിന് പുറത്താക്കുന്ന ആദ്യ ബോളറും ഭുവി തന്നെ. ആ സീസണിൽ താരം എടുത്ത ബാക്കി 34 വിക്കറ്റുകളെക്കാൾ വില ഉണ്ടായിരുന്നു അദ്ദേഹം എടുത്ത ഈ ഒരു വിക്കറ്റിനെന്ന് പറയേണ്ട കാര്യം ഇല്ലല്ലോ.
പിന്നെ ഭുവി ഇന്ത്യയുടെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളായി മാറിയെന്നതും ചരിത്രം,

ഇന്നലെ അതെ സച്ചിന്റെ മകൻ അർജുന്റെ ഇന്ത്യൻ പ്രീമിയർ ലീഗിലെ കന്നി വിക്കറ്റ് നേട്ടം വന്നത് ഭുവനേശ്വർ കുമാറിനെ പുറത്താക്കിയാണ്. ഭുവി വലിയ ബാറ്റ്സ്മാൻ ഒന്നും അല്ലെങ്കിലും അവസാന ഓവറിലെ അർജുന്റെ ബോളുകൾ എല്ലാം തന്നെ മികച്ചതായിരുന്നു. അതിനാൽ തന്നെ കന്നി വിക്കറ്റിന് പ്രസക്തിയുണ്ട്. അത് അച്ഛനെ പൂജ്യത്തിന് പുറത്താക്കിയ ബോളറുടെ കൂടി ആകുമ്പോൾ പറയുകയും വേണ്ട.